സൂപ്പർ ലീഗ് കേരള; മഴയിൽ മലബാർ ഡെർബി സമനിലയിൽ
മലപ്പുറം എഫ്സി 3-3 കാലിക്കറ്റ് എഫ്സി
മഞ്ചേരി: കനത്ത മഴയിലും ആവേശം ചോരാത്ത കാണികളെയും കളിക്കാരെയും കണ്ട മൽസരത്തിൽ മലപ്പുറം എഫ്സിയും കാലിക്കറ്റ് എഫ്സിയും മൂന്നുഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. അവസാന അഞ്ചുമിനിറ്റിൽ രണ്ടുഗോൾ നേടിയാണ് മലപ്പുറം അവിസ്മരണീയ സമനില സ്വന്തമാക്കിയത്. സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ മൂന്നാം റൗണ്ടിലെ രണ്ടാം മൽസരത്തിൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറത്തിനായി എയ്റ്റർ ആൽഡലിർ, നിധിൻ മധു, ജോൺ കെന്നഡി എന്നിവരാണ് സ്കോർ ചെയ്തത്. കാലിക്കറ്റിനായി മുഹമ്മദ് അജ്സൽ രണ്ടുഗോളും പ്രശാന്ത് ഒരുഗോളും നേടി. മൂന്ന് കളികളിൽ മലപ്പുറത്തിന് അഞ്ചും കാലിക്കറ്റിന് നാലും പോയന്റായി.
മൽസരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ കോഴിക്കോട്ടുകാർ ഗോൾ നേടി. അർജന്റീനക്കാരൻ ഫെഡറിക്കോ ഹെർനാൻ ബോസോ എടുത്ത കോർണർ മലപ്പുറം ഗോളി മുഹമ്മദ് അസ്ഹർ തട്ടിത്തെറിപ്പിച്ചു. കൂട്ടപ്പൊരിച്ചിലിനിടെ പന്ത് ലഭിച്ചത് മുഹമ്മദ് അജ്സലിന്. അണ്ടർ 23 താരത്തിന്റെ കാലിൽ നിന്ന് പറന്ന വോളി മലപ്പുറത്തിന്റെ പോസ്റ്റിൽ കയറി കാലിക്കറ്റ് ഒരുഗോളിന് മുന്നിൽ(1-0). ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് മലപ്പുറത്തിന്റെ സമനില ഗോൾ വന്നു. ഫക്കുണ്ടോ ഡാനിയലിന്റെ കോർണർ കിക്കിന് മലപ്പുറം നായകൻ എയ്റ്റർ ആൽഡലിർ കൃത്യമായി തലവെച്ചപ്പോൾ പന്ത് കാലിക്കറ്റ് പോസ്റ്റിൽ കയറി (1-1).
കനത്തമഴയുടെ അകമ്പടിയോടെ രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ വീണ്ടും കാലിക്കറ്റ് ലീഡെടുത്തു. ഇടതുവീങിലൂടെ മുന്നേറി സാലിം നൽകിയ ക്രോസ് ഹെഡ്ഡ് ചെയ്ത് പോസ്റ്റിലെത്തിച്ചത് പ്രശാന്ത് (2-1). 72ാം മിനിറ്റിൽ കാലിക്കറ്റിന്റെ മൂന്നാം ഗോൾ. മൂന്നു പ്രതിരോധക്കാരെയും ഗോളിയെയും കബളിപ്പിച്ച് ഗോൾ നേടിയത് മുഹമ്മദ് അജ്സൽ. മൽസരത്തിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ രണ്ടാം ഗോൾ. കളി അവസാനിക്കാൻ അഞ്ചുമിനിറ്റ് ശേഷിക്കേ നിധിൻ മധുവും പകരക്കാരൻ കെന്നഡിയും ഗോൾ നേടി മലപ്പുറത്തിന് ആവേശ സമനില സമ്മാനിച്ചു. റോയ് കൃഷ്ണ പെനാൽറ്റി നഷ്ടപ്പെടുത്തിയപ്പോൾ കെന്നഡി റീബൗണ്ടിലൂടെ ഗോൾ നേടുകയായിരുന്നു (3-3). മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ 22,956 കാണികളാണ് മമൽസരം കാണാനെത്തിയത്.
മൂന്നാം റൗണ്ടിലെ അവസാന മൽസരം ഒക്ടോബർ 24ന് നടക്കും. ഫോഴ്‌സ കൊച്ചി എഫ്സിക്ക് കണ്ണൂർ വാരിയേഴ്‌സ് എഫ്സിയാണ് എതിരാളികൾ. പുതുതായി സജ്ജമാക്കിയ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയമാണ് മൽസരത്തിന് വേദിയാവുക.

