സൂപ്പർ ലീഗ് കേരള; കണ്ണൂരിന് സീസണിലെ ആദ്യ തോൽവി, ജയത്തോടെ സെമി പ്രതീക്ഷ നിലനിർത്തി തിരുവനന്തപുരം കൊമ്പൻസ്
കണ്ണൂർ 1---3 തിരുവനന്തപുരം, ഓട്ടിമർ ബിസ്പോ കൊമ്പൻസിനായി ഇരട്ടഗോൾ നേടി
കണ്ണൂർ: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിൽ കണ്ണൂർ വാരിയേഴ്സിന് ആദ്യ തോൽവി. സ്വന്തം തട്ടകമായ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് തിരുവനന്തപുരം കൊമ്പൻസാണ് തകർത്തുവിട്ടത്. കൊമ്പൻസിനായി ഓട്ടിമർ ബിസ്പൊ ഇരട്ടഗോൾ നേടി. മുഹമ്മദ് ജാസിമും ലക്ഷ്യംകണ്ടു. ഇഞ്ചുറി ടൈമിൽ എസിയർ ഗോമസിൻ്റെ ബൂട്ടിൽ നിന്നായിരുന്നു കണ്ണൂരിന്റെ ആശ്വാസ ഗോൾ. ആറു കളികളിൽ ഏഴു പോയന്റുള്ള തിരുവനന്തപുരം പട്ടികയിൽ അഞ്ചാമതാണ്. ഇത്രയും കളികളിൽ ഒൻപതു പോയന്റുമായി കണ്ണൂർ നാലാമത് തുടരുന്നു.
47-ാം മിനിറ്റിലാണ് തിരുവനന്തപുരം കൊമ്പൻസ് നിർണായക ലീഡെടുക്കുന്നത്. ബിസ്പൊയുടെ ഷോട്ട് കണ്ണൂർ ഗോൾകീപ്പർ സി കെ ഉബൈദ് തടുത്തിട്ടത് യുവതാരം മുഹമ്മദ് ജാസിം ഫസ്റ്റ് ടൈം ഷോട്ടിലൂടെ വലയിലെത്തിച്ചു. 69-ാം മിനിറ്റിൽ തിരുവനന്തപുരം ലീഡ് രണ്ടാക്കി ഉയർത്തി. ഇടതു വിങിലൂടെ മൂന്ന് എതിരാളികളെ മറികടന്ന് കുതിച്ചെത്തിയ ബ്രസീലുകാരൻ റൊണാൾഡ് മെലോ നൽകിയ പന്ത് ഓട്ടിമർ ബിസ്പൊ അനായാസം പോസ്റ്റിലേക്ക് തട്ടിയിട്ടു. അവസാന മിനിറ്റുകളിൽ ഗോൾ തിരിച്ചടിക്കാൻ കണ്ണൂർ നിരന്തരശ്രമങ്ങൾ നടത്തുന്നതിനിടെ തിരുവനന്തപുരം മൂന്നാം ഗോളും നേടി. ഷാഫിയുടെ പാസിൽ സ്കോർ ചെയ്‌തതും ഓട്ടിമർ ബിസ്പൊ തന്നെയായിരുന്നു. ലീഗിൽ ബ്രസീൽ താരത്തിൻ്റെ നാലാം ഗോളാണിത്.
എതിർ താരങ്ങളുമായി കൈയ്യാങ്കളിക്കിറങ്ങിയ കണ്ണൂർ നായകൻ അഡ്രിയാൻ സെർദിനേറോ ചുവപ്പ് കാർഡ് വാങ്ങി കളംവിട്ടു. ഇഞ്ചുറി സമയത്ത് ഫ്രീകിക്കിലൂടെ എസിയർ ഗോമസ് കണ്ണൂരിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. വെള്ളിയാഴ്ച്ച നടക്കുന്ന ആറാം റൗണ്ടിലെ അവസാന മൽസരത്തിൽ തൃശൂർ മാജിക് എഫ്‌സി, മലപ്പുറം എഫ്‌സിയെ നേരിടും. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ തൃശൂർ കോർപറേഷൻ സ്റ്റേഡിയമാണ് വേദിയാവുക. തൃശൂരിൻ്റെ ആദ്യ ഹോം മൽസരമാണിത്.