സൂപ്പര്‍ ലീഗ് കേരള; കണ്ണൂര്‍ വാരിയേഴ്‌സും തൃശൂര്‍ മാജിക് എഫ്‌സിയും ഇന്ന് നേര്‍ക്കുനേര്‍
കണ്ണൂര്‍ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് സ്വന്തം തട്ടകത്തില്‍ ആദ്യ പോരാട്ടം. കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തൃശുര്‍ മാജിക് എഫ്സിയും തമ്മില്‍ ഏറ്റുമുട്ടും. ജയിക്കുന്നവര്‍ക്ക് ഒന്നാം സ്ഥാനത്തെത്താം. കണ്ണൂര്‍ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം. അഞ്ചാം റൗണ്ടിലെ അവസാന മല്‍സരത്തിനാണ് ഇന്ന് കണ്ണൂരില്‍ അരങ്ങേറുക. കണ്ണൂര്‍ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ഇന്നത്തെ മല്‍സരം ഉള്‍പ്പടെ ഗ്രൂപ്പിലെ എല്ലാ മല്‍സരങ്ങള്‍ക്കും വനിതകള്‍ക്കും 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ആറു ടീമുകളടങ്ങിയ ലീഗിലെ തങ്ങളുടെ ആദ്യ നാലു മല്‍സരങ്ങള്‍ എതിര്‍വേദികളില്‍ കളിച്ച വാരിയേഴ്‌സ് തോല്‍വിയറിയാതെ എട്ടു പോയന്റുമായി മൂന്നാം സ്ഥാനത്താണ്. രണ്ടു ജയവും രണ്ടു സമനിലയും. അതേസമയം ആദ്യ മല്‍സരത്തില്‍ മലപ്പുറം എഫ്‌സിയോട് തോറ്റ തൃശൂര്‍ മാജിക് എഫ്സി തുടര്‍ച്ചയായ മൂന്നു ജയങ്ങളുടെ മികവില്‍ ഒമ്പതു പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഇന്ന് ജയിക്കുന്ന ടീമിന് മുന്നില്‍ കയറാനാവുമെന്നതിനാല്‍ പോരിന് വീറും വാശിയുമേറും. അഞ്ചു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ മലപ്പുറം എഫ്‌സിയാണ് ഇപ്പോള്‍ പത്തു പോയന്റുമായി മുന്നില്‍.
നീണ്ട ഇടവേളക്കു ശേഷമാണ് കണ്ണൂര്‍ പ്രൊഫഷണല്‍ ഫുട്ബാള്‍ മല്‍സരത്തിന് വേദിയാവുന്നത്. ജവഹര്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു. പ്രഥമ സീസണില്‍ കോഴിക്കോട് ഹോം മല്‍സരങ്ങള്‍ കളിക്കേണ്ടി വന്ന കണ്ണൂര്‍ വാരിയേഴ്‌സ് സ്വന്തം കാണികള്‍ക്കു മുന്നില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് പന്തു തട്ടുക. ഒമ്പത് കണ്ണൂര്‍ താരങ്ങളാണ് ടീമിലുള്ളത്. ടീം ഇതുവരെ അഞ്ചു ഗോള്‍ മാത്രമാണ് നേടിയത്. മൂന്നെണ്ണം തിരിച്ചു വാങ്ങി.
പരിചയസമ്പന്നനായ ഗോള്‍കീപ്പര്‍ ഉബൈദാണ് ഗോള്‍പോസ്റ്റിലുള്ളത്. നിക്കോളാസ് ഡെല്‍മോണ്ടേയും വികാസും നയിക്കുന്ന പ്രതിരോധ നിരയ്ക്ക് ശക്തിയുമായി മനോജും സന്ദീപുമുണ്ട്. ഇരുവരും പ്രതിരോധത്തിനൊപ്പം ആക്രമണത്തിലും സംഭാവന ചെയ്യാന്‍ സാധിക്കുന്നവരാണ്. മധ്യനിരയുടെ നിയന്ത്രണം ലവ്സാംബയ്ക്കാണ്. കരുത്തുമായി എബിനും അസിയര്‍ ഗോമസും. കഴിഞ്ഞ മല്‍സരത്തില്‍ അസിയര്‍ ഗോള്‍ നേടിയത് ടീമിന്റെ ആക്രമണത്തിന് മൂര്‍ച്ഛകൂട്ടും.
ഐഎസ്എല്‍, ഐ-ലീഗ് താരങ്ങളുടെ പരിചയസമ്പത്താണ് തൃശൂര്‍ മാജിക് എഫ്സിയുടെ കരുത്ത്. ഗോളടിക്കുന്നതിനപ്പുറം ഗോള്‍ പ്രതിരോധിക്കുന്നതില്‍ മികവ് കാട്ടുന്ന തൃശൂരിന്റെ പ്രതീക്ഷ ലെനി റോഡ്രിഗസ് നയിക്കുന്ന മധ്യനിരയാണ്. മലപ്പുറത്തോട് ഒറ്റ ഗോളിനു തോറ്റ അടുത്ത മല്‍സരങ്ങളില്‍ ഓരോ ഗോള്‍ മാത്രം നേടിയാണ് ജയിച്ചു കയറിയത്. ഐ-ലീഗിലെ ഗോളടി വീരനായിരുന്ന മാര്‍കസ് ലെറിക് ജോസഫ് മികച്ച ഫോമിലെത്താത്തത് ടീമിനെ അലട്ടുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്ന് തൃശൂര്‍ മാജിക് എഫ്‌സി ഒരുഗോളു പോലും വഴങ്ങിയിട്ടില്ല. തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങള്‍ വിജയിക്കുകയും ചെയ്തു.

