സൂപര്‍ ലീഗ് കേരള; സെമി പ്രതീക്ഷയില്‍ കണ്ണൂര്‍ വാരിയേഴ്‌സ് ഇന്ന് തൃശൂരില്‍

തൃശൂര്‍ കേര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം

Update: 2025-12-02 10:46 GMT

തൃശൂര്‍: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ അവസാന റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ഇന്ന് തൃശൂര്‍ കേര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30ന് തൃശൂര്‍ മാജിക് എഫ്‌സിയെ നേരിടും. നിലവില്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടിയ ടീമാണ് തൃശൂര്‍ മാജിക് എഫ്‌സി. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ കണ്ണൂര്‍ വാരിയേഴ്‌സിന് ഇന്നത്തെ മല്‍സരം വിജയിച്ചേ മതിയാകൂ. ഇരുവരും കണ്ണൂരില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓരോ ഗോള്‍ വീതം നേടി മല്‍സരം സമനിലയില്‍ പിരിഞ്ഞിരുന്നു.

സ്വന്തം മൈതാനത്ത് സ്വന്തം ആരാധകര്‍ക്കു മുന്നില്‍ ഒരു വിജയം പോലും നേടാന്‍ സാധിക്കാതെയാണ് കണ്ണൂര്‍ വാരിയേഴ്‌സ് ലീഗിലെ അവസാന മല്‍സരത്തിനിറങ്ങുന്നത്. സ്വന്തം ഗ്രൗണ്ടില്‍ അവസാനം കളിച്ച അഞ്ചു മല്‍സരങ്ങളില്‍ മൂന്നു തോല്‍വിയും രണ്ടു സമനിലയുമാണ് കണ്ണൂരിന്റെ സമ്പാദ്യം. തൃശൂര്‍ മാജിക്കിനെതിരേ വിജയിക്കുകയാണെങ്കില്‍ കണ്ണൂരിന് പതിമൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്താം. വരും ദിവസങ്ങളില്‍ നടക്കുന്ന തിരുവനന്തപുരം കൊമ്പന്‍സിന്റെയും മലപ്പുറം എഫ്‌സിയുടെയും മല്‍സരങ്ങളുടെ ഫലത്തിന് അനുസരിച്ചായിരിക്കും കണ്ണൂരിന്റെ സെമി പ്രവേശനം. മല്‍സരം ടിവിയില്‍ ഡി ഡി മലയാളത്തിലും മൊബൈലില്‍ sports.com ലും തല്‍സമയം സംപ്രേഷണം നടക്കും.

Tags: