സൂപ്പര്‍ ലീഗ് കേരള; കൊമ്പനെ വീഴ്ത്തി കണ്ണൂര്‍ തുടങ്ങി
രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്കാണ് കണ്ണൂരിന്റെ ജയം
തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരള സീസണ്‍ രണ്ടിലെ മൂന്നാം മല്‍സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സിക്ക് ജയം. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. കൊമ്പന്‍സിന്റെ ഷോട്ടുകള്‍ അവസരോചിത ഇടപെടല്‍ നടത്തി ഗോളി സി കെ ഉബൈദ് കണ്ണൂരിനെ രക്ഷിച്ചു.
28ആം മിനിറ്റിലാണ് മല്‍സരത്തിലെ ആദ്യഗോള്‍ വരുന്നത്. സ്പാനിഷ് താരം ഏസിയര്‍ ഗോമസെടുത്ത കോര്‍ണറില്‍ നിന്ന് ഉയര്‍ന്നുവന്ന പന്ത് പ്രതിരോധിക്കാന്‍ ആരുമില്ലാതെ നിന്ന ഷിജിന്‍ ടി അനായാസം പോസ്റ്റിലേക്ക് തട്ടിയിട്ടു. ആദ്യ പകുതി അവസാനിച്ചപ്പോള്‍ കണ്ണൂര്‍ ഒരുഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതി തുടങ്ങി ഏഴാം മിനിറ്റില്‍ തന്നെ കൊമ്പന്‍സ് തിരിച്ചടിച്ചു. ഓട്ടിമാര്‍ ബിസ്പൊയെ വികാസ് ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഓട്ടിമാര്‍ ബിസ്പൊ കണ്ണൂര്‍ ഗോളി ഉബൈദിന് ഒരവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ ആദ്യ മൂന്ന് മല്‍സരങ്ങളിലും പെനാല്‍റ്റി ഗോള്‍ പിറന്നത് കൗതുകമായി.
74ആം മിനിറ്റില്‍ കണ്ണൂര്‍ സെല്‍ഫ് ഗോളിലൂടെ വീണ്ടും ലീഡ് നേടി. മുഹമ്മദ് സിനാന്‍ തൊടുത്തുവിട്ട ക്രോസ് ക്ലിയര്‍ ചെയ്യാന്‍ കൊമ്പന്‍സിന്റെ ഫെലിപ്പ് അല്‍വീസ് ശ്രമിച്ചത് സ്വന്തം പോസ്റ്റില്‍ വീണു. ഇഞ്ചുറി ടൈമില്‍ അണ്ടര്‍ 23 താരം മുഹമ്മദ് സിനാന്റെ ക്രോസില്‍ നിന്ന് സ്‌കോര്‍ ചെയ്ത അബ്ദു കരീം സാമ്പ് കണ്ണൂരിന്റെ വിജയം ഉറപ്പിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്‍ഡില്‍ പകരക്കാരനായി വന്ന വിഘ്നേഷ് ഫ്രീ കിക്ക് ഗോള്‍ നേടി കൊമ്പന്‍സിന്റെ രണ്ടാം ഗോള്‍ നേടി. മല്‍സരം അവസാനിക്കുമ്പോള്‍ രണ്ടിനെതിരേ മൂന്നുഗോളുകള്‍ക്ക് കണ്ണൂര്‍ വാരിയേഴ്‌സ് വിജയം സ്വന്തമാക്കി. ഒക്ടോബര്‍ പത്തിന് വെള്ളിയാഴ്ച നടക്കുന്ന രണ്ടാം റൗണ്ട് മല്‍സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി ഫോഴ്സ കൊച്ചിയെ എഫ്സിയെ നേരിടും.
