സൂപര്‍ ലീഗ് കേരള; തൃശൂരിനെ തോല്‍പ്പിച്ച് സെമി സാധ്യത നിലനിര്‍ത്തി കണ്ണൂര്‍
തൃശൂരിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കണ്ണൂര്‍ തോല്‍പ്പിച്ചത്
തൃശൂര്‍: സൂപര്‍ ലീഗ് കേരളയുടെ രണ്ടാം സീസണിലെ അവസാന റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ തൃശൂരിനെ തോല്‍പ്പിച്ച് സെമി പ്രതീക്ഷ നിലനിര്‍ത്തി കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സി. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ തൃശൂര്‍ മാജിക് എഫ്‌സിയെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കണ്ണൂര്‍ വാരിയേഴ്സ് സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തിയത്. ക്യാപ്റ്റന്‍ അസിയര്‍ ഗോമസ്, എബിന്‍ദാസ് എന്നിവരുടെ ബൂട്ടുകളില്‍ നിന്നാണ് നിര്‍ണായക മല്‍സരത്തിലെ ഗോളുകള്‍ പിറന്നത്.
10 മല്‍സരങ്ങളില്‍ 13 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിന് സെമി ഫൈനല്‍ യോഗ്യതക്കായി രണ്ടു സാധ്യതകളാണുള്ളത്. ബുധനാഴ്ച തിരുവനന്തപുരം കൊമ്പന്‍സ്, കാലിക്കറ്റ് എഫ്‌സിയോട് പരാജയപ്പെടുക. അല്ലെങ്കില്‍, വ്യാഴായ്ച മലപ്പുറം എഫ്‌സി, ഫോഴ്സ കൊച്ചി എഫ്‌സിയോട് തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്യുക. ഈ രണ്ടു സാധ്യതകളില്‍ ഒന്ന് സംഭവിച്ചാല്‍ മാത്രമേ കണ്ണൂരിന് അവസാന നാലില്‍ ഇടം ലഭിക്കൂ.
നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ കണ്ണൂര്‍ സ്‌കോര്‍ ചെയ്തു. വലതുവിങില്‍ നിന്ന് ഷിജിന്‍ നീട്ടിയ പാസ് സിനാന്‍, അസിയര്‍ ഗോമസിനു നല്‍കി. സ്പാനിഷ് താരം ഫസ്റ്റ്‌ടൈം ഷോട്ടിലൂടെ ഗോളാക്കി മാറ്റി. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെ ലൂയീസിന്റെ പാസില്‍ എബിന്‍ദാസ് കണ്ണൂരിനായി രണ്ടാം ഗോളും നേടി.
നാളെ പത്താം റൗണ്ടിലെ രണ്ടാം മല്‍സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി, കാലിക്കറ്റ് എഫ്‌സിയെ നേരിടും. സമനിലയെങ്കിലും നേടാനായാല്‍ കൊമ്പന്‍സ് സെമിയില്‍ കയറുന്ന മൂന്നാമത്തെ ടീമാവും. കാലിക്കറ്റ് നേരത്തെ തന്നെ സെമിയിലെത്തിയിട്ടുണ്ട്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം.
