സൂപ്പര്‍ ലീഗ് കേരള; കൊച്ചിയില്‍ ഗോള്‍മഴ, അജ്‌സലിന് ഹാട്രിക്ക്, ആറാം മല്‍സരത്തിലും ഫോഴ്‌സ കൊച്ചിക്ക് തോല്‍വി
രണ്ടിനെതിരേ ആറുഗോളുകള്‍ക്ക് ഫോഴ്‌സ കൊച്ചിയെ തകര്‍ത്ത് കാലിക്കറ്റ് എഫ്‌സി
കൊച്ചി: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ രണ്ടാം റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ മഹാരാജാസ് കോളജ് സ്‌റ്റേഡിയത്തില്‍ ഗോള്‍മഴ. കാലിക്കറ്റ് എഫ്‌സിയാണ് ഫോഴ്‌സ കൊച്ചിയെ രണ്ടിനെതിരേ ആറുഗോളുകള്‍ക്ക് തകര്‍ത്തത്. ഇതോടെ ഫോഴ്സ കൊച്ചി ആറാം മല്‍സരത്തിലും തോല്‍വിയേറ്റുവാങ്ങി. കാലിക്കറ്റ് എഫ്‌സിക്കായി യുവതാരം മുഹമ്മദ് അജ്‌സല്‍ ഹാട്രിക്ക് നേടി. ക്യാപ്റ്റന്‍ പ്രശാന്ത് രണ്ടും സിമിന്‍ലെന്‍ ഡെങ്കല്‍ ഒരു ഗോളും കണ്ടെത്തി. കൊച്ചിയുടെ രണ്ടുഗോളുകളും ഡച്ചുകാരന്‍ റൊണാള്‍ഡ് വാന്‍ കെസലിന്റെ വകയായിരുന്നു. ആറു മല്‍സരങ്ങളില്‍ 11 പോയന്റുമായി കാലിക്കറ്റ് എഫ്‌സി ഒന്നാംസ്ഥാനത്തേക്കു കയറി. ആറു കളിയും തോറ്റ ഫോഴ്‌സ കൊച്ചി പോയിന്റില്ലാതെ അവസാന സ്ഥാനത്താണ്.
പത്തൊന്‍പതാം മിനിറ്റിലാണ് കാലിക്കറ്റിന്റെ ആദ്യ ഗോള്‍ വരുന്നത്. ഇടതു വിങില്‍ നിന്ന് ക്യാപ്റ്റന്‍ പ്രശാന്ത് നല്‍കിയ പന്ത് ഫസ്റ്റ്‌ടൈം ടച്ചിലൂടെ പോസ്റ്റിലെത്തിച്ചത് അണ്ടര്‍ 23 താരം മുഹമ്മദ് അജ്‌സല്‍. മുപ്പത്തിനാലാം മിനിറ്റില്‍ കാലിക്കറ്റ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. മധ്യനിരയില്‍ നിന്ന് ആസിഫ് നീട്ടി നല്‍കിയ പാസ് മുഹമ്മദ് അജ്‌സല്‍ പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. ആറു മിനിറ്റിനകം കാലിക്കറ്റ് വീണ്ടും ഗോളടിച്ചു. മുഹമ്മദ് റിയാസിന്റെ ക്രോസിനെ പ്രശാന്ത് സുന്ദരമായൊരു ഫിനിഷിലൂടെ വലയിലാക്കി. ആദ്യപകുതി അവസാനിക്കാനിരിക്കെ മുഹമ്മദ് അജ്‌സല്‍ ഹാട്രിക്ക് നേടി. ഇതോടെ ലീഗില്‍ അഞ്ചു ഗോളുമായി അജ്‌സല്‍ ടോപ് സ്‌കോറര്‍ സ്ഥാനത്തേക്കെത്തി. നാലു ഗോളുകളുള്ള മലപ്പുറം എഫ്‌സിയുടെ ജോണ്‍ കെന്നഡിയാണ് രണ്ടാമത്.
അറുപത്തിയൊന്‍പതാം മിനിറ്റില്‍ കൊച്ചിയുടെ ആദ്യ ഗോള്‍ പിറന്നു. അമോസിന്റെ ക്രോസ്സ് ഗോളിലേക്കു നിറയൊഴിച്ച റൊണാള്‍ഡ് വാന്‍ കെസല്‍ കാലിക്കറ്റ് ഗോള്‍വല കുലുക്കി. എണ്‍പത്തിനാലാം മിനിറ്റില്‍ ആസിഫിന്റെ പാസില്‍ സിമിന്‍ലെന്‍ ഡെങ്കല്‍ കാലിക്കറ്റിന്റെ അഞ്ചാം ഗോളടിച്ചു. കളിയവസാനിക്കാന്‍ രണ്ടു മിനിറ്റ് ശേഷിക്കേ പ്രശാന്ത് തന്റെ രണ്ടാം ഗോളുമടിച്ചതോടെ സ്‌കോര്‍ 6-1. ഇഞ്ചുറി സമയത്ത് റൊണാള്‍ഡ് വാന്‍ കെസല്‍ ഒരു ഗോള്‍ കൂടി നേടി കൊച്ചിയുടെ തോല്‍വിഭാരം കുറച്ചു. നാളെ നടക്കുന്ന മല്‍സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സിയെ നേരിടും. കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം.

