സൂപ്പര്‍ ലീഗ് കേരള; ജയത്തോടെ ചാംപ്യന്മാര്‍ തുടങ്ങി
ഫോഴ്‌സ കൊച്ചിയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് കാലിക്കറ്റ് എഫ്‌സി
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന് ആവേശ കിക്കോഫ്. ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ കാലിക്കറ്റ് എഫ്‌സി ഫോഴ്സ കൊച്ചിയെ ഒന്നിനെതിരേ രണ്ടുഗോളിന് തോല്‍പ്പിച്ചു. പകരക്കാരനായി കളത്തിലെത്തിയ അരുണ്‍ കുമാറാണ് ഇഞ്ചുറി സമയത്ത് കാലിക്കറ്റിന്റെ വിജയഗോള്‍ നേടിയത്.
ഇരു ടീമുകളും ശ്രദ്ധയോടെ കളിച്ചുതുടങ്ങിയെങ്കിലും മല്‍സരത്തിന്റെ പതിനാലാം മിനിറ്റില്‍ കാലിക്കറ്റ് എഫ്‌സി ലീഡ് നേടി. ഇടതുവിങിലൂടെ പെനാല്‍റ്റി ബോക്‌സിലേക്കുകയറിയ റിയാസിനെ ഫോഴ്സ കൊച്ചിയുടെ അജിന്‍ ഫൗള്‍ ചെയ്തുവീഴ്ത്തി. റഫറി വെങ്കിടേഷ് പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത സെബാസ്റ്റ്യന്‍ റിങ്കോണ്‍ ലുകാമിക്ക് പിഴച്ചില്ല. സൂപ്പര്‍ ലീഗ് കേരള സീസണ്‍ രണ്ടിലെ ആദ്യ ഗോള്‍ കൊളമ്പിയക്കാരന്റെ പേരില്‍ രേഖപ്പെടുത്തി. ഗോള്‍ വഴങ്ങിയതോടെ ഫോഴ്സ കൊച്ചി ആക്രമണം ശക്തമാക്കി. ആദ്യപകുതിയില്‍ ഇരുടീമും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പെനാല്‍റ്റിഗോളില്‍ കാലിക്കറ്റ് മുന്നിട്ടുനിന്നു.
88 മിനിറ്റില്‍ ഫോഴ്‌സ കൊച്ചി ഗോള്‍ മടക്കി. പകരക്കാരനായി എത്തിയ സംഗീത് നല്‍കിയ ക്രോസില്‍ ഡഗ്ലസ് റോസയുടെ ഹെഡ്ഡര്‍ ഗോള്‍. മല്‍സരം സമനിലയില്‍ അവസാനിക്കാനിരിക്കേ ഇഞ്ചുറി സമയത്ത് കാലിക്കറ്റിന്റെ വിജയഗോള്‍ വന്നു. വലതുഭാഗത്തുനിന്ന് പ്രശാന്ത് മോഹന്‍ നല്‍കിയ ക്രോസ്സ് അരുണ്‍ കുമാര്‍ കൊച്ചിയുടെ വലയിലേക്ക് തിരിച്ചുവിട്ടു. കാലിക്കറ്റ് ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് വിജയിച്ചു. വിജയഗോള്‍ കണ്ടെത്തിയ അരുണ്‍ കുമാറിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു.