സൂപര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ്‌സി സെമിയില്‍, മലബാര്‍ ഡെര്‍ബിയില്‍ ജയിക്കാനാവാതെ മലപ്പുറം എഫ്‌സി

Update: 2025-11-24 17:45 GMT

കോഴിക്കോട്: സൂപര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്‌സി സെമി ഫൈനലില്‍. ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന മലബാര്‍ ഡെര്‍ബിയില്‍ മലപ്പുറം എഫ്‌സിയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കാലിക്കറ്റ് സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഇതോടെ സീസണില്‍ സെമി ഫൈനല്‍ ടിക്കറ്റ് നേടുന്ന ആദ്യ ടീമായി കാലിക്കറ്റ് എഫ്‌സി മാറി. മഞ്ചേരിയില്‍ നടന്ന ആദ്യപാദത്തില്‍ മലപ്പുറവും കാലിക്കറ്റും മൂന്നു ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു.

ജോനാഥന്‍ പെരേര, മുഹമ്മദ് അജ്‌സല്‍, ഫെഡറിക്കോ ബുവാസോ എന്നിവരാണ് കാലിക്കറ്റിനായി ഗോള്‍ നേടിയത്. എയ്‌തോര്‍ അല്‍ഡല്‍ മലപ്പുറത്തിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തി. മല്‍സരത്തില്‍ മലപ്പുറത്തിന്റെ ഗനി അഹമ്മദ് നിഗത്തിന് ചുവപ്പു കാര്‍ഡ് ലഭിച്ചു. എട്ട് റൗണ്ട് മല്‍സരം പൂര്‍ത്തിയായപ്പോള്‍ കാലിക്കറ്റ് 17 പോയന്റുമായി ഒന്നാമതാണ്. 10 പോയന്റുള്ള മലപ്പുറം നാലാമത്.

പന്ത്രണ്ടാം മിനിറ്റിലാണ് കാലിക്കറ്റ് എഫ്‌സിയുടെ ആദ്യ ഗോള്‍ വരുന്നത്. റിട്ടേണ്‍ ബോള്‍ പിടിച്ചെടുത്ത് അര്‍ജന്റീനക്കാരന്‍ ജോനാഥന്‍ പെരേര തൊടുത്തുവിട്ട ലോങ് റേഞ്ചര്‍ പോസ്റ്റിലേക്ക് കയറുമ്പോള്‍ മലപ്പുറത്തിന്റെ യുവ ഗോള്‍ കീപ്പര്‍ ജസീമിന്റെ മുഴുനീള ഡൈവിനു പോലും ഗോള്‍ തടയാനായില്ല. അന്‍പത്തിനാലാം മിനിറ്റില്‍ റോഷലിനെ ഫൗള്‍ ചെയ്ത ഗനി അഹമ്മദ് നിഗം രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പും വാങ്ങി കളം വിട്ടു. എണ്‍പതാം മിനിറ്റില്‍ മലപ്പുറം സമനില പിടിച്ചു. പകരക്കാരനായി എത്തിയ നായകന്‍ എയ്‌തോര്‍ അല്‍ഡലിര്‍ ഫ്രീകിക്ക് ഗോളാക്കി മാറ്റി.

കളി അവസാനിക്കാന്‍ രണ്ടു മിനിറ്റ് ശേഷിക്കേ മുഹമ്മദ് അജ്‌സലിന്റെ ഹെഡ്ഡര്‍ കാലിക്കറ്റിന് വീണ്ടും ലീഡ് നല്‍കി. ലീഗില്‍ ആറ് ഗോളുമായി ടോപ് സ്‌കോറര്‍ സ്ഥാനത്താണ് അജ്‌സല്‍. ഇഞ്ചുറി സമയത്ത് ഫെഡറിക്കോ ബുവാസോ നേടിയ ഗോള്‍ കാലിക്കറ്റിന്റെ വിജയം ആധികാരികമാക്കി. 34,173 കാണികളാണ് മല്‍സരം കാണാന്‍ ഇഎംഎസ് സ്റ്റേഡിയത്തിലെത്തിയത്.

Tags: