സൂപ്പർ ലീഗ് കേരള; തൃശൂർ മാജിക്കിൽ കാലിക്കറ്റ് വീണു

കാലിക്കറ്റ് എഫ്സിയെ ഒരുഗോളിന് തോൽപ്പിച്ച് തൃശൂർ മാജിക് എഫ്സി

Update: 2025-10-11 18:19 GMT

കോഴിക്കോട്: സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ രണ്ടാം റൗണ്ടിലെ രണ്ടാം മൽസരത്തിൽ തൃശൂർ മാജിക് എഫ്സിക്ക് ജയം.കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ രണ്ടാം ജയം തേടിയിറങ്ങിയ കാലിക്കറ്റ് എഫ്സിക്ക് തൃശൂർ മാജിക് എഫ്സി പരാജയം സമ്മാനിച്ചു. ബ്രസീലിയൻ താരവും ക്യാപ്റ്റനുമായ മെയിൽസൺ ആൽവീസിൻ്റെ ഗോളിലാണ് തൃശൂരിൻ്റെ ജയം.

36ാം മിനിറ്റിൽ തൃശൂർ മാജിക് താരം ഫയാസ് എടുത്ത കോർണർ കിക്കിൽ നിന്ന് വന്ന പന്ത് മെയിൽസൺ ആൽവീസ് രണ്ട് പ്രതിരോധക്കാർക്കിടയിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെ വലയിലേക്ക് തൊടുത്തു. രണ്ടാം സീസണിലെ തൃശൂർ മാജിക് എഫ്സിയുടെ ആദ്യ ഗോൾ. കാലിക്കറ്റ് എഫ്സി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഗോളിലെത്തിയില്ല.

രണ്ട് വീതം കളി പൂർത്തിയായപ്പോൾ ഇരു ടീമുകൾക്കും മൂന്ന് പോയന്റാണുള്ളത്. തൃശൂർ മാജിക് എഫ്സി ആദ്യ മൽസരത്തിൽ പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറം എഫ്സിയോട് ഒരുഗോളിന് പരാജയപ്പെട്ടിരുന്നു. കാലിക്കറ്റ് എഫ്സി സ്വന്തം തട്ടകത്തിൽ ഉദ്ഘാടന മൽസരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ഫോഴ്സ കൊച്ചിയെ തോൽപ്പിച്ചിരുന്നു.

രണ്ടാം റൗണ്ടിലെ അവസാന മൽസരത്തിൽ നാളെ മലപ്പുറം എഫ്സി കണ്ണൂർ വാരിയേഴ്സ‌ിനെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം.

Tags: