സൂപ്പര്‍ കപ്പ്; സെല്‍ഫ് ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് പുറത്ത്, മുംബൈ സിറ്റി സെമിയില്‍
മഡ്ഗാവ്: സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്ത്. ഇന്നു നടന്ന ഡി ഗ്രൂപ്പിലെ നിര്‍ണായക മല്‍സരത്തില്‍ മുംബൈ സിറ്റിയെ സമനിലയില്‍ പിടിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് സെമി ഫൈനല്‍ ഉറപ്പിക്കാമായിരുന്നു. എന്നാല്‍ 88ാം മിനിറ്റിലെ സെല്‍ഫ് ഗോളില്‍ മുംബൈ സിറ്റിയോട് തോല്‍വി വഴങ്ങുകയായിരുന്നു.
ഇന്ന് മികച്ച രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളി തുടങ്ങിയത്. ആദ്യ മിനിറ്റുകളില്‍ തന്നെ തിയാഗോ ആല്‍വേസിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോളിനരികിലെത്തി. ആദ്യ പകുതിയുടെ അവസാനം സന്ദീപ് സിങ് രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി ചുവപ്പു കാര്‍ഡ് കണ്ടതോടെ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ഇതോടെ മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. എന്നിട്ടും ഗോള്‍ വഴങ്ങാതെ സമനില സ്വന്തമാക്കുന്നതിന് അടുത്തു വരെ ബ്ലാസ്റ്റേഴ്‌സെത്തി. പക്ഷെ 88ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനുള്ളില്‍ നടന്ന കൂട്ടപൊരിച്ചിലിനൊടുവില്‍ ജോര്‍ജ് പെരേര ഡയസ് ഉയര്‍ത്തി നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടെ ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് സെല്‍ഫ് ഗോളിനു കാരണമായി.
സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ടു മല്‍സരങ്ങളില്‍ രാജസ്ഥാന്‍ യുനൈറ്റഡിനെയും സ്‌പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചിരുന്നു. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്‌സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സിറ്റി സെമി ബെര്‍ത്ത് ഉറപ്പിച്ചതും ബ്ലാസ്റ്റേഴ്‌സ് പുറത്തായതും.