സ്പാനിഷ് ലാലിഗ; ബാഴ്സലോണക്ക് വമ്പന്‍ തോല്‍വി
സെവിയ്യയോട് ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് പരാജയം, കറ്റാലന്‍മാര്‍ക്ക് സീസണിലെ ആദ്യ തോല്‍വി
സെവിയ്യ: സീസണെലെ ആദ്യ തോല്‍വിയേറ്റുവാങ്ങി ബാഴ്‌സലോണ. സെവിയ്യയോട് ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് കറ്റാലന്മാരുടെ തോല്‍വി. സെവിയ്യക്കായി അലെക്സിസ് സാഞ്ചസ്, ഐസാക് റൊമേറോ, ഹോസെ എയ്ഞ്ചല്‍ കാര്‍മോണ, അകോര്‍ ആഡംസ് എന്നിവര്‍ വലകുലുക്കിയപ്പോള്‍ മാര്‍കസ് റാഷ്ഫോര്‍ഡ് ബാഴ്സയുടെ ആശ്വാസഗോള്‍ നേടി. പരിക്കുമൂലം ലമീന്‍ യമാലില്ലാതെയാണ് കറ്റാലന്മാര്‍ ഇറങ്ങിയത്.
സെവിയ്യയുടെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ 13ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സെവിയ്യ മുന്നിലെത്തി. സാഞ്ചസാണ് ബാഴ്സയുടെ വല കുലുക്കിയത്. 36ആം മിനിറ്റില്‍ റമേറോ സെവിയ്യയുടെ ലീഡ് ഇരട്ടിയാക്കി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് റാഷ്ഫോര്‍ഡിലൂടെ ബാഴ്സ ആശ്വാസഗോള്‍ കണ്ടെത്തി.
90ആം മിനിറ്റില്‍ കാര്‍മോണയും 90+6ആം മിനിറ്റില്‍ ആഡംസും വലകുലുക്കിയതോടെ ബാഴ്‌സക്കെതിരേ വമ്പന്‍ ജയം നേടി സെവിയ്യ. തോല്‍വിയോടെ ബാഴ്സലോണ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. 21 പോയന്റുമായി റയല്‍ മാഡ്രിഡാണ് പട്ടികയില്‍ ഒന്നാമത്.