സന്തോഷ് ട്രോഫി; ഷഫീഖ് ഹസന്‍ കേരളത്തിന്റെ പരിശീലകന്‍
അടുത്ത വര്‍ഷം ജനുവരിയിലാണ് സന്തോഷ് ട്രോഫി
തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബാളിനുള്ള കേരള ടീമിനെ എം ഷഫീഖ് ഹസന്‍ പരിശീലിപ്പിക്കും. ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ ഷഫീഖ് പരിശീലിപ്പിച്ച കേരള ടീം സ്വര്‍ണം നേടിയിരുന്നു. 28 വര്‍ഷത്തിനു ശേഷമായിരുന്നു കേരളത്തിന്റെ നേട്ടം. മുപ്പത്തൊമ്പതുകാരന്‍ നിലവില്‍ സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സിന്റെ സഹ പരിശീലകനാണ്. സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ വേദി ഇതുവരെ തീരുമാനമായിട്ടില്ല.
തിരുവനന്തപുരം സ്വദേശി എബിന്‍ റോസാണ് സഹപരിശീലകന്‍. സന്തോഷ് ട്രോഫി താരമായിരുന്ന എബിന്‍ നിലവില്‍ കോവളം എഫ് സിയുടെ പരിശീലകനാണ്. അടുത്ത വര്‍ഷം ജനുവരിയിലാണ് സന്തോഷ് ട്രോഫി. കഴിഞ്ഞ വര്‍ഷം സന്തോഷ് ട്രോഫിയില്‍ രണ്ടാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്ന കേരളം നേരിട്ട് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയിട്ടുണ്ട്.
വയനാട് കാപ്പംകൊല്ലി പാലവയല്‍ സ്വദേശിയാണ് ഷഫീഖ് ഹസന്‍. പ്രതിരോധ താരമായിരുന്ന ഷഫീഖ് പരിക്ക് കാരണം 22ാം വയസില്‍ പരിശീലക വേഷമണിഞ്ഞു. 2011ല്‍ അണ്ടര്‍ 10 വയനാട് ജില്ല ടീമിനെ പരിശീലിപ്പിച്ചാണ് തുടക്കം. പിന്നാലെ സീനിയര്‍ ടീം, സബ് ജൂനിയര്‍ ടീമുകളേയും പരിശീലിപ്പിച്ചു. 2012-13 വര്‍ഷങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാല ടീമിന്റെ സഹപരിശീലകനായി. 2017ല്‍ ഷഫീഖിന്റെ പരിശീലനത്തില്‍ ഇറങ്ങിയ അണ്ടര്‍ 17 കേരള ടീം ദേശീയ ചാമ്പ്യന്‍പ്പില്‍ മൂന്നാം സ്ഥാനം നേടി. 2016 മുതല്‍ ഇംഗ്ലിഷ് പ്രിമിയര്‍ ലീഗിന്റെ പ്രീമിയര്‍ സ്‌കില്‍സ് പദ്ധതിയുടെ ഇന്ത്യയിലെ ഇന്‍സ്ട്രക്ടര്‍മാരില്‍ ഒരാളാണ് ഷഫീഖ്.
ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ എ ലൈസന്‍സ് ഡിപ്ലോമ നേടിയിട്ടുണ്ട് ഷഫീഖ് ഹസന്‍. തെലങ്കാന ഫുട്ബാള്‍ അസോസിയേഷന്റെ സെക്കന്‍ഡ് ഡിവിഷന്‍ ലീഗില്‍ ശ്രീനിധി ഡെക്കാന്‍ എഫ് സിയുടെ റിസര്‍വ് ടീമിനെ ചാംപ്യന്മാരാക്കിയതിനു ശേഷമാണ് ഷഫീഖ് കണ്ണൂര്‍ വാരിയേഴ്സിലെത്തുന്നത്. തെലങ്കാന സന്തോഷ് ട്രോഫി ടീമിന്റെ സഹ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കൈവിട്ട സന്തോഷ് ട്രോഫി തിരികെ കേരളത്തിലെത്തിക്കാനാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ടീമിന്റെ ചുമതല ഷഫീഖ് ഹസനെ ഏല്‍പിക്കാന്‍ തീരുമാനിച്ചത്.
