സന്തോഷ് ട്രോഫി; കേരളം-സര്‍വീസസ് മല്‍സരം മാറ്റിവെച്ചു

Update: 2026-01-31 03:53 GMT

ദിബ്രുഗഢ്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഇന്ന് രാവിലെ നടക്കേണ്ട കേരളവും സര്‍വീസസുമായുള്ള മല്‍സരം മാറ്റിവെച്ചു. ശനിയാഴ്ച രാവിലെ സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഒന്‍പതിന് നടക്കേണ്ടിയിരുന്ന കേരളം-സര്‍വീസസ് മല്‍സരമാണ് മാറ്റിവെച്ചത്. ഗ്രൂപ്പ് തലത്തിലെ കേരളത്തിന്റെ അവസാന മല്‍സരമായിരുന്നു. മാറ്റിവെച്ച മല്‍സരം ഞായറാഴ്ച നടക്കുമെന്നാണ് അറിയിപ്പ്. വേദിയും സമയവും പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഏഴുതവണ ജേതാക്കളായ സര്‍വീസസിന് കേരളവുമായുള്ള മല്‍സരം നിര്‍ണായകമാണ്. നാല് കളിയില്‍ മൂന്നുപോയിന്റുമായി അഞ്ചാമതാണ്. ഒറ്റ ജയവുമില്ല. പഴയ പ്രതാപത്തിന്റെ നിഴലിലാണ്. മൂന്നുസമനിലയും ഒരു തോല്‍വിയുമാണ് സമ്പാദ്യം. ഗ്രൂപ്പ് ചാംപ്യന്‍മാരായി ക്വര്‍ട്ടറിലെത്തിയ കേരളം ആതിഥേയരായ അസമിനെ നേരിടും. ഫെബ്രുവരി മൂന്നിനാണ് മല്‍സരം. ബി ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് കേരളം അവസാന എട്ടുറപ്പിച്ചത്. നാല് കളിയില്‍ മൂന്നുജയവും ഒരു സമനിലയുമായി പത്ത് പോയിന്റാണ് നേടിയത്. ഗ്രൂപ്പിലെ ഒന്നാംസ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.

ദിബ്രുഗഢ്-ധെമാജി പാതയിലുളള മിസിങ് ഗോത്രത്തിന്റെ ഗ്രാമത്തില്‍ രണ്ടുദിവസമായി യുവജനോല്‍സവം നടക്കുകയാണ്. ഇതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് മല്‍സരം മാറ്റിയത്. ശനിയാഴ്ച രാവിലെ കേരള ടീം ദിബ്രുഗഢില്‍ നിന്ന് പുറപ്പെടാന്‍ നില്‍ക്കുമ്പോഴാണ് സംഘാടകര്‍ മല്‍സരം മാറ്റിയ വിവരം അറിയിക്കുന്നത്.

Tags: