സൂപ്പര്‍ സൈനിങുമായി മലപ്പുറം എഫ്‌സി, ഐഎസ്എല്‍ താരം റോയ് കൃഷ്ണയെ ടീമിലെത്തിച്ചു
മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയില്‍ ഇനി റോയ് കൃഷ്ണയുടെ പന്താട്ടം. ഐഎസ്എല്‍ സൂപ്പര്‍ സ്‌ട്രൈക്കറെ തട്ടകത്തിലെത്തിച്ച് മലപ്പുറം എഫ്‌സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ബഗാന്‍, ബെംഗളൂരു എഫ്സി, ഒഡീഷ എഫ്സി തുടങ്ങിയ ടീമുകളില്‍ മിന്നും പ്രകടനം കാഴ്ചവെച്ച താരമാണ് റോയ് കൃഷ്ണ. മികച്ച പരിചയസമ്പത്തുള്ള താരം ആരാധകരുടെ ഹൃദയം കീഴടക്കിയ വിദേശ കളിക്കാരിലൊരാളാണ്.
വേഗത, ഫിനിഷിംഗ്, ലീഡര്‍ഷിപ്പ് ഇവയൊക്കെയാണ് ഈ ഫിജിയന്‍ താരത്തെ വ്യത്യസ്തനാക്കുന്നത്. ഫിജി ദേശീയ ടീമിന്റെ ക്യാപ്റ്റനാണ് ഈ 38കാരന്‍. മുന്നേറ്റ നിരയിലേക്ക് റോയ് കൃഷ്ണ കൂടി എത്തുന്നതോടെ മലപ്പുറം കൂടുതല്‍ കരുത്താര്‍ജിക്കും. മലപ്പുറം എഫ്‌സി ഈ സീസണില്‍ സ്വന്തമാക്കുന്ന ആറാമത്തെ വിദേശതാരമാണ് റോയ് കൃഷ്ണ.
''സൂപ്പര്‍ ലീഗ് കേരളയുടെ ഈ സീസണില്‍ മലപ്പുറം എഫ്സിക്കായി സൈന്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, ഇങ്ങനെയൊരു കരാര്‍ എനിക്കു നല്‍കിയതില്‍ ക്ലബിനോട് ഒരുപാട് നന്ദിയുണ്ട്, ഈ ലീഗിന്റെ ആവേശവും ആരാധകരുടെ ഊര്‍ജ്ജവും നേരിട്ട് അനുഭവിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ തിരിച്ചെത്താനും വളരെ പെട്ടെന്ന് തന്നെ കളത്തിലിറങ്ങാനും ഞാന്‍ ആഗ്രഹിക്കുന്നു''-മലപ്പുറം എഫ്‌സിയില്‍ ചേര്‍ന്നതിനെ കുറിച്ച് റോയ് കൃഷ്ണ പറഞ്ഞു.