റൊണാള്‍ഡോ ഇനിയും കാത്തിരിക്കണം, അല്‍-നസറിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് അല്‍-അഹ്ലിക്ക് സൗദി സൂപ്പര്‍ കപ്പ്
പരാജയപ്പെട്ടെങ്കിലും അല്‍ നസറിനായി നൂറു ഗോളുകളെന്ന നേട്ടവുമായി റൊണാള്‍ഡോ മടങ്ങി
ഹോങ് ഗോങ്: അല്‍-നസറിനെ തകര്‍ത്ത് അല്‍-അഹ്ലി സൗദി സൂപ്പര്‍ കപ്പ് ജേതാക്കള്‍. ഷൂട്ടൗട്ടിലാണ് അല്‍-അഹ്ലി സൗദിയുടെ വിജയം. ഹോങ്കോങ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു സൗദി സൂപ്പര്‍ കപ്പ് ഫൈനല്‍. മല്‍സരത്തിന്റെ 41-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോള്‍. ദേശീയ ടീമിനും നാല് വ്യത്യസ്ത ക്ലബുകള്‍ക്കുമായി 100 വീതം ഗോള്‍ എന്ന നേട്ടവും ഇതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. അല്‍ നസറിനൊപ്പം കിരീടത്തിനായി റൊണാള്‍ഡോ ഇനിയും കാത്തിരിക്കണം.
ഫൈനലിന്റെ ആദ്യ പാതി അവസാനിക്കും മുമ്പ് ഫ്രാങ്ക് കെസ്സിയുടെ ഗോളോടെ അല്‍ അഹ്ലി സമനില പിടിച്ചു. 82-ാം മിനിറ്റില്‍ മാഴ്‌സെലോ ബ്രോസോവിച്ചിന്റെ ഗോളില്‍ അല്‍-നസര്‍ വീണ്ടും മുന്നിലെത്തി. എന്നാല്‍ മല്‍സരത്തിന്റെ അവസാന നിമിഷത്തില്‍ റോഡ്രിഗോ ഇബാനെസ് നേടിയ ഗോളിലൂടെ അല്‍-അഹ്ലി വീണ്ടും സമനില പിടിച്ചു.
നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 2-2 എന്ന സ്‌കോറില്‍ സമനില പാലിച്ചതിനെത്തുടര്‍ന്നാണ് മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അഹ്‌ലി അഞ്ച് പെനാല്‍ട്ടികളും ഗോളാക്കി മാറ്റിയപ്പോള്‍ അല്‍-നസറിന് മൂന്ന് പെനാല്‍ട്ടികള്‍ മാത്രമേ ഗോളാക്കാന്‍ കഴിഞ്ഞുള്ളൂ. മുന്‍ ചെല്‍സി താരമായ ഗോള്‍കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡിയുടെ തകര്‍പ്പന്‍ പ്രകടനമാണ് അല്‍ അഹ്ലിയുടെ വിജയത്തില്‍ നിര്‍ണായകമായത്. പരാജയപ്പെട്ടെങ്കിലും അല്‍ നസ്റിനായി നൂറു ഗോളുകളെന്ന നേട്ടത്തോടെയാണ് ക്രിസ്റ്റ്യാനോയുടെ മടക്കം.