സൂപ്പര്‍ കപ്പില്‍ പാരീസ് മുത്തം; പി എസ് ജിക്ക് ചരിത്രത്തിലെ ആദ്യ സൂപ്പര്‍ കപ്പ്
ഫൈനലില്‍ ഇംഗ്ലീഷ് ടീമായ ടോട്ടന്‍ഹാമിനെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചാണ് കിരീട നേട്ടം
ഇറ്റലി: കിരീടത്തോടെ സീസണ്‍ തുടങ്ങി പി എസ് ജി. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ ഇംഗ്ലീഷ് ടീമായ ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ചാണ് കിരീട നേട്ടം. 2-2 ന് കലാശിച്ച മത്സരത്തില്‍ പെനാല്‍റ്റിയില്‍ 3-4 എന്ന നിലയിലാണ് പി എസ് ജിയുടെ കിരീട നേട്ടം.
ആദ്യ പകുതിയുടെ 39 ആം മിനിറ്റില്‍ വാന്‍ ഡി വെന്‍ ടോട്ടന്‍ഹാമിനെ മുന്നിലെത്തിച്ചു. പി എസ് ജി ഗോള്‍ കീപ്പര്‍ സേവ് ചെയ്ത പന്ത് പോസ്റ്റില്‍ തട്ടി വന്നതിനെ വലയില്‍ എത്തിക്കുകയായിരുന്നു. 48 ആം മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്നും വന്ന പന്തിനെ വലയിലെത്തിച്ച് ക്യാപ്റ്റന്‍ ക്രിസ്റ്റ്യന്‍ റൊമേറൊ ടോട്ടഹാമിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.ടോട്ടന്‍ഹാമിന്റെ നിരന്തരമായുള്ള മുന്നേറ്റത്തെ പാരിസ് ഗോള്‍ കീപ്പര്‍ ലൂക്കാസ് ചെവലിയര്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ പ്രതിരോധിച്ചെങ്കിലും രണ്ട് ഗോളുകള്‍ വഴങ്ങേണ്ടി വന്നു.
അവസാന മിനിറ്റുകളില്‍ ടോട്ടന്‍ഹാം പ്രതിരോധത്തെ മറികടന്ന് 85ആം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിനു പുറത്ത് നിന്നും പി എസ് ജി താരം ലീ കാങ് ഇന്നിന്റെ കിടിലന്‍ ഷോട്ട് ടോട്ടന്‍ഹാം വല തുളച്ചു. ഡെംമ്പലെയുടെ അസിസ്റ്റില്‍ നിന്നും 90+4 ആം മിനിറ്റില്‍ ഗോണ്‍സാലോ റാമോസിന്റെ കിടിലന്‍ ഹെഡ്ഡറിലൂടെ പി എസ് ജി സമനില പിടിച്ചു. മത്സരം 2-2 ന് സമനിലയില്‍ കലാശിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.