മെസിയെ കാത്തിരുന്ന് മോദി പോയി

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി

Update: 2025-12-15 10:36 GMT

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ കനത്ത പുകമഞ്ഞ് കാരണം ലയണല്‍ മെസിയുടെ യാത്ര വൈകിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡല്‍ഹിയില്‍ നടക്കാനിരുന്ന കൂടികാഴ്ച റദ്ദാക്കി. തിങ്കളാഴ്ച രാവിലെ മുംബൈയില്‍ നിന്നും തലസ്ഥാനത്ത് എത്തേണ്ടിയിരുന്ന മെസിയും സംഘവും മൂന്നു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. ഇതോടെ, മെസിയും പ്രധാനമന്ത്രിയും തമ്മിലെ കൂടികാഴ്ച അവസാന നിമിഷം റദ്ദാക്കി.

21 മിനിറ്റ് കൂടികാഴ്ചനടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. ഇതിനനുസരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രോട്ടോകോളും തയ്യാറാക്കി. എന്നാല്‍, ജോര്‍ഡന്‍, എത്യോപ്യ, ഒമാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി പുറപ്പെടുന്നതിനാല്‍ കൂടികാഴ്ച റദ്ദാക്കുകയായിരുന്നു. രണ്ടു ദിവസംകൊണ്ട് മൂന്നു നഗരങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഫുട്ബാള്‍ ഇതിഹാസം രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയിലെത്തിയത്. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ നഗരങ്ങളിലെ ഗോട്ട് ടൂര്‍ പൂര്‍ത്തിയാക്കിയാണ് മെസിയും കൂട്ടുകാരും തിങ്കളാഴ്ച ഉച്ചോയടെ ന്യൂഡല്‍ഹിയിലെത്തിയത്.

രാവിലെ ഒന്‍പതിന് മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാല്‍, ഡല്‍ഹിയിലെ വായുമലിനീകരണ പ്രശ്‌നങ്ങള്‍ വിമാന യാത്രക്ക് തിരിച്ചടിയായതോടെ ഫുട്ബാള്‍ ഇതിഹാസത്തിന്റെ പുറപ്പെടല്‍ അനിശ്ചിതമായി വൈകി. കനത്ത പുകമഞ്ഞ് കാരണം തിങ്കളാഴ്ച ഡല്‍ഹിയില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇതോടെ മൂന്നു മണിക്കൂര്‍ വൈകിയാണ് മെസിയുടെ വിമാനം മുംബൈയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.

വൈകുന്നേരം ന്യൂഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കേണ്ട പരിപാടി 40 മിനിറ്റ് വൈകിയാണ് ആരംഭിക്കുക. ലയണല്‍ മെസി, ലൂയി സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരെ കാണാന്‍ പതിനായിരങ്ങളാണ് അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിലേക്കെത്തുന്നത്. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, ആഭ്യന്തര മന്ത്രി അമിത് ഷാ, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, അര്‍ജന്റീന അംബാസഡര്‍ ഉള്‍പ്പെടെ പ്രധാനികള്‍ മെസിയെ കാണും.

Tags: