മൊണാക്കോ: ജപ്പാന്‍ താരം തക്കുമി മിനാമിനോയ്ക്ക് പരിക്ക്. 2026 ലോകകപ്പിനൊരുങ്ങുന്ന ജപ്പാന്‍ ടീമിന് വലിയ ആശങ്കയായി മാറിയിരിക്കുകയാണ് മിനാമിനോയുടെ പരിക്ക്. ഫ്രഞ്ച് കപ്പില്‍ ഓക്‌സെറെക്കെതിരായ എ എസ് മൊണാക്കോയുടെ മല്‍സരത്തിനിടെ താരത്തിന്റെ ഇടതുകാലിലെ ലിഗമെന്റിനാണ്(എസിഎല്‍)ഗുരുതരമായി പരിക്കേറ്റത്. പരിശോധനകള്‍ക്കു ശേഷം താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നും ആറു മുതല്‍ ഒന്‍പതു മാസം വരെ വിശ്രമം വേണ്ടിവരുമെന്നും ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. ഇതോടെ ജൂണ്‍ 14ന് നെതര്‍ലന്‍ഡ്സിനെതിരെയുള്ള ജപ്പാന്റെ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ 30കാരനായ മിനാമിനോ കളിക്കാനുള്ള സാധ്യത കുറവാണ്.
ഏഷ്യന്‍ വമ്പന്‍മാരായ ജപ്പാനായി 73 മല്‍സരങ്ങളില്‍ നിന്ന് 26 ഗോളുകള്‍ നേടിയിട്ടുള്ള മിനാമിനോ ടീമിന്റെ അക്രമണ നിരയിലെ പ്രധാന താരമാണ്. ലോകകപ്പില്‍ നെതര്‍ലന്‍ഡ്സ്, ടുണീഷ്യ തുടങ്ങിയ കരുത്തര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലുള്ള ജപ്പാന് മിനാമിനോയുടെ അഭാവം വലിയ തിരിച്ചടിയാകും. ഫ്രഞ്ച് ലീഗിലും ചാംപ്യന്‍സ് ലീഗിലും റയല്‍ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ ടീമുകളെ നേരിടാനൊരുങ്ങുന്ന മൊണാക്കോയ്ക്കും ഇത് വലിയ തിരിച്ചടിയാണ്. ഈ പരിക്ക് മിനാമിനോയ്ക്കും ജപ്പാന്‍ ഫുട്‌ബോളിനും കനത്ത ആഘാതമാണ്.