പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ആഴ്സണല്‍ പോര്
ഓള്‍ഡ് ട്രാഫോര്‍ഡില്‍ രാത്രി ഒന്‍പത് മണിക്കാണ് മല്‍സരം
ഓള്‍ഡ് ട്രാഫോര്‍ഡ്: പുതിയ പ്രീമിയര്‍ ലീഗ് സീസണില്‍ ഇന്ന് യുണൈറ്റഡ് ആഴ്‌സണല്‍ പോരാട്ടം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ രാത്രി ഒന്‍പത് മണിക്കാണ് മല്‍സരം. വലിയ ട്രാന്‍സ്ഫര്‍ നീക്കങ്ങള്‍ക്ക് ശേഷം ഇരു ടീമുകളും കൂടുതല്‍ കരുത്തരായാണ് കളത്തിലിറങ്ങുന്നത്. യുണൈറ്റഡ് പരിശീലകന്‍ റൂബന്‍ അമോറിമും ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടെറ്റയും പുതിയ താരനിരയെ അണിനിരത്തിയാവും ആദ്യ മല്‍സരത്തിനിറങ്ങുന്നത്. ജയിച്ച് സീസണ്‍ തുടങ്ങാനാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്.
കഴിഞ്ഞ സീസണില്‍ യുണൈറ്റഡ് പതിനഞ്ചാമതാണ് ഫിനിഷ് ചെയ്തത്, ആ നിരാശ മറക്കാനാണ് പുതിയ സീസണിലിറങ്ങുന്നത്. മാറ്റിയസ് കുഞ്ഞ്യ, ബ്രയാന്‍ എംബ്യൂമോ, യുവ താരം ബെഞ്ചമിന്‍ ഷെസ്‌കോ എന്നിവരെ ടീമിലെത്തിച്ച് സ്‌ക്വാഡ് ശക്തിപ്പെടുത്തിയിട്ടുണ്ട്. ഫിറ്റ്‌നസ് വീണ്ടെടുത്ത ഗോള്‍ കീപ്പര്‍ ആന്‍ഡ്രെ ഒനാനയും ഇന്ന് കളത്തിലിറങ്ങും.
പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രീമിയര്‍ ലീഗ് കിരീടം ലക്ഷ്യമിടുന്ന ആഴ്‌സണല്‍ 2004 ലാണ് അവസാനമായി പ്രീമിയര്‍ ലീഗ് നേടിയത്. മുന്നേറ്റ താരം വിക്ടര്‍ ഗ്യോകെരെസ്, മധ്യനിര താരം മാര്‍ട്ടിന്‍ സുബിമെന്‍ഡിയെയും ടീമിലെത്തിച്ചാണ് സീസണിനെ വരവേല്‍ക്കുന്നത്. ഗ്യോകെരെസിനൊപ്പം മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സാകയും മാര്‍ട്ടിനെല്ലിയും ചേരുന്നതോടെ ആഴ്‌സനല്‍ മുന്നേറ്റം ട്രാഫോര്‍ഡില്‍ അപകടം വിതക്കും. സമീപകാലത്ത് ആഴ്‌സണലിനാണ് മുന്‍തൂക്കമെങ്കിലും, ഇന്ന് ഓള്‍ഡ് ട്രാഫോര്‍ഡിലെ തീപാറും പോരാട്ടത്തില്‍ എന്തും സംഭവിക്കാം.
