മാഞ്ചസ്റ്റര്‍: പരിശീലകന്‍ റൂബന്‍ അമോറിമിനെ പുറത്താക്കി പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. 14 മാസത്തെ അമോറിമിന്റെ ഒള്‍ഡ് ട്രാഫോര്‍ഡ് കരിയറിനാണ് ഇതോടെ അന്ത്യമായത്. ലീഡ്സ് യുനൈറ്റഡിനെതിരേ നടന്ന മല്‍സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തില്‍ ക്ലബ്ബ് മാനേജ്മെന്റിനെതിരേ അമോറിം നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങളാണ് പെട്ടെന്നുള്ള നടപടിക്ക് കാരണമായത്.
സീസണിന്റെ ബാക്കി ഭാഗങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇത്തരമൊരു മാറ്റം അനിവാര്യമാണെന്ന് ക്ലബ്ബ് പ്രസ്താവനയില്‍ അറിയിച്ചു. മല്‍സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ക്ലബ്ബ് ഘടനയേയും ട്രാന്‍സ്ഫര്‍ നയങ്ങളേയും അമോറിം പരസ്യമായി വിമര്‍ശിച്ചിരുന്നു. 'ഞാന്‍ വെറുമൊരു കോച്ചാകാനല്ല, മറിച്ച് ക്ലബ്ബിന്റെ പൂര്‍ണ്ണ നിയന്ത്രണമുള്ള മാനേജറാകാനാണ് വന്നത്' എന്ന അമോറിമിന്റെ പ്രസ്താവന മാനേജ്മെന്റുമായുള്ള ബന്ധം വഷളാക്കി.
വോള്‍വ്സിനോടും ലീഡ്സിനോടും തുടര്‍ച്ചയായി സമനില വഴങ്ങിയതോടെ യുനൈറ്റഡ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. അമോറിമിന് പകരമായി മുന്‍ യുനൈറ്റഡ് താരം ഡാരന്‍ ഫ്‌ലെച്ചറെ ഇടക്കാല പരിശീലകനായി നിയമിച്ചു. സ്ഥിരമായ ഒരു പരിശീലകനെ കണ്ടെത്തുന്നതു വരെ ഫ്‌ലെച്ചര്‍ക്കായിരിക്കും ടീമിന്റെ ചുമതല. സര്‍ അലക്‌സ് ഫെര്‍ഗൂസണ് ശേഷം യുനൈറ്റഡിന്റെ പരിശീലക സ്ഥാനത്തുണ്ടാകുന്ന തുടര്‍ച്ചയായ മാറ്റങ്ങള്‍ ആരാധകരെ വലിയ ആശങ്കയിലാക്കുന്നുണ്ട്. ക്ലബ്ബിന്റെ ദീര്‍ഘകാല കാഴ്ചപ്പാടും പരിശീലകന്റെ തീരുമാനങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ് അമോറിമിനും വിനയായത്.
