പ്രീമിയര്‍ ലീഗില്‍ ജയത്തോടെ തുടങ്ങി ലിവര്‍പൂള്‍
എകിറ്റികെ, ഗാക്‌പോ, സലാഹ് തുങ്ങിയവര്‍ തങ്ങളുടെ ഗോളുകള്‍ വാഹനാപകടത്തില്‍ മരിച്ച സഹ താരം ജോട്ടയ്ക്കായി സമര്‍പ്പിച്ചു
ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ജയിച്ച് തുടങ്ങി ലിവര്‍പൂള്‍. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബേണ്‍മൗത്തിനെ പരാജയപ്പെടുത്തിയത്. പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ച ഹ്യൂഗോ എകിറ്റികെ 37-ാം മിനിറ്റില്‍ ലിവര്‍പൂളിന് ലീഡ് നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ എകിറ്റികെയുടെ അസിസ്റ്റില്‍ 49-ാം മിനിറ്റില്‍ കോഡി ഗാക്‌പോ ലിവര്‍പൂളിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
എന്നാല്‍, ബേണ്‍മൗത്തിന്റെ അന്റോയിന്‍ സെമന്യോ ഇരട്ട ഗോളോടെ ടീമിനെ മല്‍സരത്തിലേക്ക് കൊണ്ടുവന്നു. പകരക്കാരനായി കളത്തിലെത്തിയ ഫെഡറിക്കോ കിയേസ 88-ാം മിനിറ്റില്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. മല്‍സരത്തിന്റെ അധിക സമയത്ത് 90+4-ാം മിനിറ്റില്‍ സലാഹിന്റെ ഗോളോടെ ലിവര്‍പൂള്‍ വിജയം പൂര്‍ത്തിയാക്കി.
പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ഇന്ന് അഞ്ച് മണിക്ക് ആസ്റ്റണ്‍ വില്ല ന്യൂകാസിലിനേയും, 7:30ന് നടക്കുന്ന മല്‍സരങ്ങളില്‍ ബ്രൈറ്റണ്‍ ഫുള്‍ഹാമിനേയും, സണ്ടര്‍ലാന്റെ വെസ്റ്റ്ഹാമിനേയും, ടോട്ടന്‍ഹാം ബേണ്‍ലിയേയും, പത്ത് മണിക്ക് മാഞ്ചസ്റ്റര്‍ സിറ്റി വൂള്‍ഫ്‌സിനെയും നേരിടും.