സ്പാനിഷ് ലാലിഗ; ക്യാംപ്നോവിൽ ജയം തുടർന്ന് ബാഴ്സലോണ, അത്‌ലറ്റിക്കോ മാഡ്രിഡിനും ജയം
അലാവസിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് വീഴ്ത്തി ബാഴസലോണ
ബാഴ്സലോണ: സ്പാനിഷ് ലാലിഗയിൽ ബാഴ്സലോണക്ക് ജയം. അലാവസിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് വീഴ്ത്തി ബാഴ്സലോണ ലാലിഗയിൽ ഒന്നാം സ്ഥാനത്ത്. പുതുക്കി പണിത ക്യാംപ്നോവിലെ ബാഴ്സലോണയുടെ രണ്ടാം മൽസരത്തിലും ജയം തുടർന്നു. അത്‌ലറ്റിക്കോ മാഡ്രിഡ് ഒവീഡോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. ഇരട്ട ഗോളുകളുമായി സൊർലോത്ത് അത്‌ലറ്റിക്കോ മാഡ്രിഡിൻ്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.
ബാഴ്സക്കായി ഇരട്ട ഗോളുകളുമായി ഡാനി ഒൽമോ തിളങ്ങി. ലമീൻ യമാലും ബാഴ്സക്കായി അലാവസിൻ്റെ വലകുലുക്കി. പാബ്ലോ ഇബാനെസാണ് അലാവസിനായി ഗോൾ നേടിയത്.
മൽസരം തുടങ്ങി ഒന്നാം മിനിറ്റിൽ തന്നെ പാബ്ലോ ഇബാനെസിലൂടെ അലാവസ് ബാഴ്‌സയുടെ വല കുലുക്കി. എന്നാൽ ലമീൻ യമാലിലൂടെ ബാഴ്‌സ തിരിച്ചടിച്ചു. തുടർന്ന് ബാഴ്‌സലോണ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. ഡാനി ഒൽമോ 26-ാം മിനിറ്റിൽ ഗോൾ കണ്ടെത്തിയതോടെ ബാഴ്സ ലീഡെടുത്തു. 93-ാം മിനുട്ടിൽ ഡാനി ഒൽമോയുടെ രണ്ടാം ഗോളിലൂടെ ബാഴ് വിജയമുറപ്പിച്ചു.
ലാലിഗയിൽ കളിച്ച 14 മൽസരങ്ങളിൽ നിന്ന് 34 പോയിന്റുമായി നിലവിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. 13 മൽസരങ്ങളുമായി തൊട്ടുപിന്നിൽ 32 പോയിന്റുമായി റയൽ മാഡ്രിഡുമുണ്ട്. 14 മൽസരങ്ങളിൽ നിന്നായി 31 പോയിൻ്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. ഡിസംബർ മൂന്നിന് അത്‌ലറ്റിക്കോ മാഡ്രിഡുമായാണ് ബാഴ്സയുടെ അടുത്ത മൽസരം.