സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ആദ്യ തോല്‍വി

സര്‍വീസസിനോട് ഒരുഗോളിനാണ് കേരളം തോറ്റത്

Update: 2026-02-01 07:55 GMT

ദിബ്രുഗഢ്: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് ആദ്യ തോല്‍വി. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളം സര്‍വീസസിനോട് തോറ്റത്. ആദ്യപകുതിയില്‍ അഭിഷേക് പവാറാണ് സര്‍വീസിനായി ഗോള്‍ കണ്ടെത്തിയത്. ഇതോടെ നാലാം സ്ഥാനക്കാരായി സര്‍വീസസ് ക്വാര്‍ട്ടറിലേക്ക് മുന്നേറി. തോറ്റെങ്കിലും ഗ്രൂപ്പ് ചാംപ്യന്‍മാരായി കേരളം മുന്നേറി. ചൊവ്വാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ അസമാണ് കേരളത്തിന്റെ എതിരാളികള്‍.

തുടക്കം മുതല്‍ മികച്ച പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്. മല്‍സരത്തിന്റെ 18ാം മിനിറ്റില്‍ സര്‍വീസിനായി അഭിഷേക് പവാര്‍ ഗോള്‍ നേടിയത്. മറുപടി ഗോള്‍ നേടാനുള്ള കേരളത്തിന്റെ ശ്രമം കളിയിലുടനീളം ലക്ഷ്യം കണ്ടില്ല. മല്‍സരത്തിന്റെ 64ാം മിനിറ്റില്‍ സര്‍വീസസ് താരത്ത ഫൗള്‍ ചെയ്തതിന് കേരളത്തിന്റെ മധ്യനിര താരം മുഹമ്മദ് അഷര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. സിലാപത്തര്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ പത്തു പേരുമായാണ് കേരളം കളി പൂര്‍ത്തിയാക്കിയത്. നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിരുന്ന കേരളം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുന്നത്.

Tags: