സന്തോഷ് ട്രോഫി ഫൈനലില്‍ സര്‍വീസസിനോട് തോറ്റ് കേരളം

സര്‍വീസസിന് എട്ടാം സന്തോഷ് ട്രോഫി കിരീടം

Update: 2026-02-08 10:05 GMT

ദിബ്രുഗഢ്: 79ാമത് സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ സര്‍വീസസിന്റെ മുത്തം. കേരളത്തിനെ പരാജയപ്പെടുത്തി എട്ടാം സന്തോഷ് ട്രോഫി കിരീടമാണ് സര്‍വീസസ് സ്വന്തമാക്കിയത്. അസമിലെ ധാക്കുവാഖാന സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മല്‍സരത്തില്‍ 90 മിനിറ്റും കഴിഞ്ഞപ്പോള്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. പിന്നീട് 30 മിനിട്ട് അധിക സമയത്താണ് ഒരുഗോള്‍ നേടി സര്‍വീസസിന്റെ തിരിച്ചുവരവ്. കേരളത്തിന്റെ 16ാം സന്തോഷ് ട്രോഫി ഫൈനലായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ബംഗാളിനോട് പരാജയപ്പെട്ട കേരളം ഇത്തവണ കിരീടം സ്വന്തമാക്കാനാണ് വന്നത്. ഏഴുതവണ സന്തോഷ് ട്രോഫി ജേതാക്കളായ കേരളം 2022ല്‍ മലപ്പുറം മഞ്ചേരിയിലാണ് അവസാനം കിരീടം ചൂടിയത്.

ക്വാര്‍ട്ടറില്‍ എതിരില്ലാത്ത മൂന്നുഗോളിന് ആതിഥേയരായ അസമിനേയും സെമിയില്‍ എതിരില്ലാത്ത നാലുഗോളിന് പഞ്ചാബിനേയും തറപറ്റിച്ചാണ് കേരളം ഫൈനലിലെത്തിയത്. 16 ഗോള്‍ അടിച്ചപ്പോള്‍ വഴങ്ങിയത് നാലെണ്ണം മാത്രം. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ രണ്ടുതോല്‍വിയും സര്‍വീസസിനെതിരേയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഏഴുതവണ ജേതാക്കളായ സര്‍വീസസ് ഇറങ്ങിയത്. സന്തോഷ് ട്രോഫി ചരിത്രത്തില്‍ 2013ന് ശേഷം രണ്ടാം തവണയാണ് ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. 2024ലാണ് സര്‍വീസസ് അവസാനമായി സന്തോഷ് ട്രോഫി കിരീടം നേടിയത്. കഴിഞ്ഞവര്‍ഷം സെമിയില്‍ കടക്കുകയും ചെയ്തിരുന്നു.

Tags: