ഐഎസ്എല്‍ 2025-26; ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ബികാഷ് ക്യാപ്റ്റന്‍
കൊച്ചി: ആറ് മാസത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ സൂപര്‍ ലീഗ്(ഐഎസ്എല്‍)പുതിയ സീസണുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ അണ്ടര്‍ 23 ക്യാപ്റ്റന്‍ കൂടിയായ യുവപ്രതിഭ ബികാഷ് യുംനാം ടീമിനെ നയിക്കുമെന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത. പരിചയസമ്പന്നരായ താരങ്ങളും വളര്‍ന്നുവരുന്ന ഇന്ത്യന്‍ പ്രതിഭകളും പുതിയ വിദേശ സൈനിങ്ങുകളും ഉള്‍പ്പെടുന്നതാണ് ടീം. ഓരോ പൊസിഷനിലും മികച്ച പോരാട്ടം ഉറപ്പാക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ഹെഡ് കോച്ച് ഡേവിഡ് കറ്റാലയുടെ കീഴില്‍ ടീമില്‍ വരുത്തിയിട്ടുള്ളത്.
നാളെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ സീസണിലെ ആദ്യ മല്‍സരത്തില്‍ മോഹന്‍ ബഗാന്‍ സൂപര്‍ ജയന്റ്‌സാണ് എതിരാളികള്‍. കൊല്‍ക്കത്തയിലെ സോള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് മല്‍സരം. കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫിനിഷ് ചെയ്തത്. സൂപര്‍ കപ്പിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടവും ഗ്രൂപ്പ് ഘട്ടത്തില്‍ അവസാനിച്ചിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍: സച്ചിന്‍ സുരേഷ്, അര്‍ഷ് ഷെയ്ഖ്, അല്‍സാബിത്ത് സുലൈമാന്‍.
പ്രതിരോധനിര: നവോച്ച സിങ്, ഐബന്‍ഭ ദോഹ്ലിങ്, ഹോര്‍മിപാം റുയിവ, സന്ദീപ് സിങ്, മുഹമ്മദ് സഹീഫ്, ബികാഷ് യുമ്‌നം, സുമിത് ശര്‍മ്മ, ജഗന്നാഥ് ജയന്‍, ഒമര്‍ ബാ.
മധ്യനിര: വിബിന്‍ മോഹനന്‍, ഡാനിഷ് ഫാറൂഖ്, നിഹാല്‍ സുദീഷ്, റൗളിന്‍ ബോര്‍ജസ്, ഫ്രെഡി ലല്ലവ്മാവ്മ, എബിനാസ് യേശുദാസന്‍, സലാഹുദ്ദീന്‍ അദ്‌നാന്‍, ലൂയിസ് മത്യാസ് ഹെര്‍ണാണ്ടസ്, മര്‍ലോണ്‍ റൂസ് ട്രൂജില്ലോ.
മുന്നേറ്റനിര: കോറൗ സിങ്, ലാല്‍തന്‍മാവിയ റെന്ത്ലെയ്, മുഹമ്മദ് അജ്‌സല്‍, ശ്രീകുട്ടന്‍ എം എസ്, വിക്ടര്‍ ബെര്‍ട്ടോമിയു, കെവിന്‍ യോക്ക്.
