കണ്ണൂര്‍: സൂപര്‍ ലീഗ് കേരളയില്‍ രണ്ടാം സീസണില്‍ കിരീടത്തില്‍ മുത്തമിട്ട് കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സി. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി തൃശൂര്‍ മാജിക് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ റെഡ് കാര്‍ഡ് കണ്ട് പത്തു പേരുമായി ചുരുങ്ങി മല്‍സരത്തില്‍ പ്രതിരോധത്തില്‍ കോട്ട കെട്ടിയാണ് കണ്ണൂര്‍ വിജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ കണ്ണൂരിന്റെ പരിശീലകന്‍ മാനുവല്‍ സാഞ്ചസിനും ചുവപ്പു കാര്‍ഡ് കണ്ടു. സീസണില്‍ ഇതുവരെ കണ്ണൂരിന് സ്വന്തം കാണികള്‍ക്കു മുന്നില്‍ വിജയിക്കാനായിരുന്നില്ല.
15ാം മിനിട്ടില്‍ വലതു വിങ്ങില്‍ നിന്ന് സിനാന്‍ നല്‍കിയ ക്രോസ് സെക്കന്റ് പോസ്റ്റില്‍ നിന്നിരുന്ന അസിയര്‍ ഗോമസ് ഗോള്‍ ലക്ഷ്യമാക്കി ഹെഡ് ചെയ്തു. ഗോളാകേണ്ടിയിരുന്ന അവസരം തൃശൂര്‍ പ്രതിരോധ താരം തേജസ് കൃഷ്ണ കൈകോണ്ട് തടുത്തു. റഫറി ആദ്യം പെനാല്‍റ്റി വിളിച്ചില്ലെങ്കിലും കണ്ണൂര്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ ഫോര്‍ത്ത് റഫറിയുടെ തീരുമാനം കണക്കിലെടുത്ത് 16ാം മിനിട്ടില്‍ റഫറി പെനാല്‍റ്റി വിളിച്ചു. 18ാം മിനിട്ടില്‍ കണ്ണൂരിന്റെ അസിയര്‍ ഗോമസ് എടുത്ത പെനാല്‍റ്റി ഗോളായി മാറി. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളില്‍ കണ്ണൂരിന്റെ പ്രതിരോധ താരം സച്ചിന്‍ സുനിലിന് റെഡ് കാര്‍ഡ് ലഭിച്ചു. കണ്ണൂര്‍ പോസ്റ്റിലേക്ക് കെവിന്‍ നടത്തിയ അറ്റാക്കിങ് തടുക്കവേ ഫൗളായി മാറുകയായിരുന്നു. കണ്ണൂര്‍ പത്തു പേരായി ചുരുങ്ങി. മല്‍സരത്തില്‍ പലതവണ ഇരുടീമുകളും കളത്തിനു പുറത്ത് ഏറ്റുമുട്ടിയതോടെ റഫറി കണ്ണൂരിന്റെ മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസിനും തൃശൂരിന്റെ പരിശീലകന്‍ ദുലീപിനും റെഡ് കാര്‍ഡ് ലഭിച്ചു.
ആദ്യ സീസണിലെ ചാംപ്യന്മാരും ഇത്തവണ പോയിന്റ് നിലയില്‍ ഒന്നാംസ്ഥാനക്കാരുമായ കാലിക്കറ്റ് എഫ്സിയെ സെമിഫൈനലില്‍ എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കണ്ണൂര്‍ ഫൈനലിലെത്തിയത്. ഹോം ഗ്രൗണ്ട് എന്ന മുന്‍തൂക്കവും കണ്ണൂരിന് അനുകൂലമായി. കണ്ണൂര്‍ വാരിയേഴ്‌സിനെതിരേ സൂപ്പര്‍ ലീഗില്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് ഇതുവരെ ജയിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാം സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരു മല്‍സരം സമനിലയിലായി. മറ്റൊന്ന് കണ്ണൂര്‍ വാരിയേഴ്‌സ് വിജയിച്ചു.
അവാര്‍ഡുകള്‍
ഏറ്റവും മികച്ച ഫാന്‍സായി മലപ്പുറം എഫ്‌സിയുടെ അള്‍ട്രാസിനെ തിരഞ്ഞെടുത്തു.
മികച്ച രണ്ടാമത്തെ ഫാന്‍സ് കാലിക്കറ്റ് ഫാന്‍സ്.
മികച്ച പിച്ചിനുള്ള അവാര്‍ഡ് ഫോഴ്‌സ കൊച്ചിയുടെ മഹാരാജാസ് സ്റ്റേഡിയം.
ഫെയര്‍ പ്ലേ അവാര്‍ഡ് കണ്ണൂരിന്.
എമര്‍ജിങ് താരം കണ്ണൂര്‍ വാരിയേഴ്‌സിന്റെ സിനാന്‍ നേടി.
ബെസ്റ്റ് ഗോള്‍ക്കീപ്പര്‍ തൃശൂര്‍ മാജിക് എഫ്‌സിയുടെ കമാലുദ്ദീന്‍ സ്വന്തമാക്കി.
ടോപ്പ് സ്‌കോറര്‍ അവാര്‍ഡ് മലപ്പുറം എഫ്‌സി താരം ജോണ്‍ കെന്നഡി(എട്ടുഗോള്‍)സ്വന്തമാക്കി.
ടൂര്‍ണമെന്റിലെ മികച്ച താരം കാലിക്കറ്റ് എഫ്‌സിയുടെ മുഹമ്മദ് അജ്‌സല്‍.

