ഐഎസ്എല്‍ ഫെബ്രുവരി അഞ്ചിന് തുടങ്ങാന്‍ നീക്കം; 20 വര്‍ഷ പ്ലാനുമായി എഐഎഫ്എഫ്
അടുത്ത വര്‍ഷത്തെ ലീഗ് സീസണ്‍ കിക്കോഫിനുള്ള പദ്ധതികളാണ് ഫെഡറേഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്
ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഇന്ത്യന്‍ സൂപര്‍ ലീഗിന് ആശ്വാസ വാര്‍ത്തയുമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ലീഗ് നടത്തിപ്പിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ കഴിയാത്ത എഐഎഫ്എഫ് പുതിയ പദ്ധതികളുമായാണ് എത്തിയിരിക്കുന്നത്. അടുത്ത 20 വര്‍ഷത്തേക്ക്, ചെലവുകള്‍ ചുരുക്കി, എഐഎഫ്എഫ് ഉടമസ്ഥതയില്‍ തന്നെ ലീഗ് സംഘടിപ്പിക്കാന്‍ ഫെഡറേഷന്‍ യോഗത്തില്‍ തീരുമാനമായി. അനിശ്ചിതമായി വൈകുന്ന 2025-26 സീസണിന് ഫെബ്രുവരി അഞ്ചിന് തുടക്കം കുറിക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ഉടമസ്ഥതയും സംഘാടനവും അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ നേതൃത്വത്തിലാണ് 20 വര്‍ഷത്തെ ലീഗ് സീസണ്‍ ആസൂത്രണം ചെയ്യുന്നത്. എല്ലാ വര്‍ഷവും ജൂണ്‍ ഒന്നിന് തുടങ്ങി മേയ് 31 വരെ 12 മാസം നീണ്ടു നില്‍ക്കുന്നതാവും ഒരു സീസണ്‍. 70 കോടി ബജറ്റ് നിശ്ചയിച്ച്, ചെലവുകള്‍ പരമാവധി ചുരുക്കി ലീഗ് സംഘടിപ്പിക്കാനാണ് പദ്ധതി. സമ്മാനത്തുക, ലീഗ് നടത്തിപ്പ് ചെലവുകള്‍ എന്നിവ സെന്‍ട്രല്‍ ഓപറേഷണല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തും. പുതിയ ലീഗ് സീസണ്‍ 2026-27ല്‍ ആരംഭിക്കും. ലീഗ് പ്രമോഷനും, തരംതാഴ്ത്തലും ഉള്‍പ്പെടെ എഎഫ്‌സി നിയമാവലികള്‍ പാലിച്ചായിരിക്കും സംഘാടനം.
കളിക്കുന്ന ക്ലബുകള്‍ പങ്കാളിത്ത ഫീസായി എല്ലാ വര്‍ഷവും ഒരു കോടി രൂപ ഫെഡറേഷന് നല്‍കണം. എന്നാല്‍, ഈ തുക സീസണ്‍ അവസാനത്തില്‍ ക്ലബുകള്‍ക്ക് തിരികെ നല്‍കും. വരുമാന വിഹിതത്തിന്റെ 10 ശതാമനം ഫെഡറേഷനും, 30 ശതമാനും വാണിജ്യ പങ്കാളികള്‍ക്കുമായി നീക്കിവെക്കും. ലീഗിന്റെ സംഘാടനത്തിനായി ഫെഡറേഷനു കീഴില്‍ ക്ലബ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രത്യേക ബോര്‍ഡ് രൂപീകരിക്കും. വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ 14 ഐഎസ്എല്‍ ക്ലബുകളുടേയും പ്രതിനിധികള്‍ പങ്കെടുത്തതായി ഗോവ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് കാറ്റെനോ ഫെര്‍ണാണ്ടസ് പറഞ്ഞു. ഈ ആഴ്ച ക്ലബ് പ്രതിനിധികളുമായി നടത്തുന്ന ചര്‍ച്ചയിലാകും അന്തിമ തീരുമാനം ഉണ്ടാകുക.
അടുത്ത വര്‍ഷത്തെ ലീഗ് സീസണ്‍ കിക്കോഫിനുള്ള പദ്ധതികളാണ് ഫെഡറേഷന്‍ ആസൂത്രണം ചെയ്തതത്. 2025-26 സീസണ്‍ അതിനു മുന്‍പായി പൂര്‍ത്തിയാക്കാനാണ് നീക്കം. ഗോവ, കൊല്‍ക്കത്ത എന്നീ രണ്ട് വേദികളിലായി രണ്ട് ഗ്രൂപ്പായി തിരിച്ച് മല്‍സരം നടത്താനാണ് ഒരു നിര്‍ദേശം. കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍ ഉള്‍പ്പെടുന്ന സമിതി നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എസ് മാതൃകയിലെ രണ്ടു വേദി നിര്‍ദേശം മുന്നോട്ട് വെച്ചത്. എന്നാല്‍, സ്വിസ് ഫോര്‍മാറ്റില്‍ ഹോം, എവേ അടിസ്ഥാനത്തില്‍ ലീഗ് നടത്തുന്നതും ഫെഡറേഷന്‍ നിര്‍ദേശത്തിലുണ്ട്. ഡിസംബര്‍ 28ന് ക്ലബ് പ്രതിനിധികളുടെ യോഗത്തില്‍ സീസണ്‍ കിക്കോഫ് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി അഞ്ചിന് ലീഗ് സീസണ്‍ ആരംഭിച്ചാല്‍ 190 മാച്ചുകള്‍ കളിച്ച് നിശ്ചിത സമയത്തിനു മുന്‍പ് പൂര്‍ത്തിയാക്കുമെന്നും എഐഎഫ്എഫ് ഒഫീഷ്യല്‍ അറിയിച്ചു.

