ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപര്‍ ലീഗ്(ഐഎസ്എല്‍)പ്രതിസന്ധി മറികടക്കാന്‍ യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കായികമന്ത്രി മുന്‍സുഖ് മാണ്ഡവ്യ വിളിച്ച ഫുട്ബാള്‍ പ്രതിനിധികളുടെ യോഗം ബുധനാഴ്ച നടക്കും. നാളെ നടക്കാനിരിക്കുന്ന യോഗത്തില്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍, എഫ്എസ്ഡിഎല്‍, ഐഎസ്എല്‍ ക്ലബ്ബുകള്‍, ബ്രോഡ്കാസ്റ്റേഴ്സ്, ഓടിടി പ്ലാറ്റുഫോമുകളുടെ പ്രതിനിധകള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ആസ്ഥാനത്തു വെച്ചാണ് യോഗം ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഐഎസ്എല്‍ സ്‌പോണ്‍സര്‍ഷിപ്പിനായി അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടും ആരും താല്‍പര്യമറിയിച്ച് രംഗത്തുവരാതിരുന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
സുപ്രിംകോടതി നിയോഗിച്ച ബിഡ് ഇവാല്യുവേഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. ഐഎസ്എല്‍ പുതിയ സീസണ്‍ ആരംഭിക്കാനുള്ള സാധ്യത മങ്ങിയതോടെ വിഷയത്തില്‍ ഇടപെടാന്‍ തയാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ അറിയിച്ചിരുന്നു. പിന്നാലെയാണ് കേന്ദ്ര കായിക മന്ത്രാലയം യോഗം വിളിച്ചത്. 2025-26 ഇന്ത്യന്‍ ഫുട്ബാള്‍ സീസണിനെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പല ഐഎസ്എല്‍ ക്ലബുകളും നിലവില്‍ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയാണ്. പുതിയ സീസണിന്റെ സംഘാടനം അനിശ്ചിതത്വത്തിലായതോടെ തുറന്ന കത്തുമായി താരങ്ങളും രംഗത്തുവന്നിരുന്നു. എഫ്എസ്ഡിഎലും എഐഎഫ്എഫും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് ഈ മാസം അവസാനിക്കും. പുതിയ ടെണ്ടര്‍ ഏറ്റെടുക്കല്‍ ആളുകള്‍ മുന്നോട്ട് വന്നിട്ടുമില്ല. അതെ തുടര്‍ന്ന് ഐഎസ്എല്‍ ക്ലബ്ബുകളുടെ പ്രതിനിധികളുടെ പിന്തുണയോടെ ഫെഡറേഷന്‍ സുപ്രിം കോടതിയെയും കായിക മന്ത്രാലയത്തിനെയും സമീപിച്ചത്.
റിപോര്‍ട്ടുകളനുസരിച്ച് ആറു വ്യത്യസ്ത യോഗങ്ങളാണ് നാളെ ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യ യോഗതയില്‍ ഐഎസ്എല്‍ ക്ലബ്ബുകള്‍, പിന്നാലെ ഐ ലീഗ് ക്ലബ്ബുകള്‍, എഫ്എസ്ഡിഎല്‍, ബ്രോഡ്കാസ്റ്റേഴ്സ്, ഓടിടി പ്ലാറ്റഫോമിന്റെ പ്രതിനിധികള്‍ അവസാന മീറ്റിങ്ങില്‍ എല്ലാവരും ഒരുമിച്ച് ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ ടെന്‍ഡര്‍ ചിട്ടപ്പെടുത്തിയ ട്രാന്‍സാക്ഷന്‍ അഡൈ്വസര്‍ കെപിഎംജിയോടും യോഗത്തില്‍ സന്നിഹിതരാകാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
