ഐഎസ്എല്‍ പ്രതിസന്ധി: മോഹന്‍ ബഗാന് പുറമെ കേരള ബ്ലാസ്റ്റേഴ്‌സും ഫസ്റ്റ് ടീം പ്രവര്‍ത്തനം നിര്‍ത്തിവച്ചു
എന്ന് ട്രെയിനിങ് ആരംഭിക്കുമെന്ന് ധാരണയില്ലെന്ന് ചെന്നൈയിന്‍ എഫ്‌സി താരങ്ങളെ അറിയിച്ചു, ഒഡീഷ എഫ്‌സി ഇതുവരെ പ്രീ-സീസണ്‍ ആരംഭിച്ചിട്ടില്ല
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ(ഐഎസ്എല്‍)വാണിജ്യ അവകാശങ്ങള്‍ വില്‍ക്കാനുള്ള ലേലത്തില്‍ ആരും പങ്കെടുക്കാതിരുന്നത് രാജ്യത്തെ പ്രമുഖ ഫുട്‌ബോള്‍ ലീഗിന്റെ ഭാവിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഡിസംബറില്‍ ലീഗ് ആരംഭിക്കുമെന്നും സൂപ്പര്‍ കപ്പില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ട് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്)ക്ലബുകളോട് പ്രീ-സീസണ്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ലേലത്തിനായുള്ള സമയപരിധി അവസാനിച്ചിട്ടും ആരും ബിഡ് നല്‍കാതിരുന്നതോടെ ഐഎസ്എല്ലിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഇതിനെ തുടര്‍ന്ന് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്, കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള ക്ലബുകള്‍ ടീം പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ടു ചെയ്യുന്നു. സൂപ്പര്‍ കപ്പ് കഴിഞ്ഞ താരങ്ങളും സ്റ്റാഫ് അംഗങ്ങള വീട്ടിലേക്ക് മടങ്ങും. ഇനി ഐഎസ്എല്‍ നടത്തിപ്പില്‍ തീരുമാനമായാലേ ക്ലബ് പ്രീ-സീസണ്‍ പുനരാരംഭിക്കുകയുള്ളൂ. അതോടൊപ്പം എന്ന് ട്രെയിനിങ് ആരംഭിക്കുമെന്ന് ധാരണയില്ലെന്ന് ചെന്നൈയിന്‍ എഫ്‌സി താരങ്ങളെ അറിയിച്ചു. ഒഡീഷ എഫ്‌സി ഇതുവരെ പ്രീ-സീസണ്‍ ആരംഭിച്ചിട്ടില്ല. എഫ്‌സി ഗോവ, നോര്‍ത്തീസ്റ്റ് യുനൈറ്റഡ് എഫ്‌സി എന്നീ ടീമുകള്‍ താരങ്ങള്‍ക്ക് വെക്കേഷന്‍ നീട്ടി നല്‍കിയിരിക്കുകയാണ്.
