ഐഎസ്എല്‍; ചെന്നൈയിന്‍ ക്യാപ്റ്റന്‍ ഇന്ത്യ വിട്ടു
കംബോഡിയന്‍ ലീഗിലേക്കു മാറി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപര്‍ ലീഗ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ മറ്റൊരു പ്രമുഖ വിദേശ താരം കൂടെ ഇന്ത്യ വിട്ടു. ചെന്നൈയിന്‍ എഫ്സിയുടെ മുന്‍ നായകന്‍ കോണര്‍ ഷീല്‍ഡ്സാണ് കംബോഡിയന്‍ പ്രീമിയര്‍ ലീഗിലേക്ക് കൂടുമാറിയത്. കംബോഡിയന്‍ ചാംപ്യന്മാരായ പ്രീഹാ ഖാന്‍ റീച്ച് സ്വേ റീങ് എഫ്സിയുമായാണ് താരം കരാറൊപ്പിട്ടത്. 2026 മെയ് വരേയാണ് സ്‌കോട്ടിഷ് ഫോര്‍വേഡായ ഷീല്‍ഡ്സിന്റെ കരാര്‍. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ സ്‌ട്രൈക്കര്‍ ക്വാമെ പെപ്രയും നിലവില്‍ ഇതേ ക്ലബ്ബിനു വേണ്ടിയാണ് കളിക്കുന്നത്.
2024-25 ഐഎസ്എല്‍ സീസണില്‍ ചെന്നൈയിന്‍ എഫ്സിക്കു വേണ്ടി ഏറ്റവും കൂടുതല്‍ അവസരങ്ങള്‍(76 chances) സൃഷ്ടിച്ച താരമായിരുന്നു ഷീല്‍ഡ്സ്. രണ്ട് സീസണുകളില്‍ ചെന്നൈയിനായി മികച്ച പ്രകടനം പുറത്തെടുത്ത താരം ജൂണിലാണ് ക്ലബ്ബുമായി പിരിഞ്ഞത്. ലീഗില്‍ വ്യക്തത ഇല്ലാത്താതിനാല്‍ ക്ലബ് പുതിയ കരാര്‍ നല്‍കിയുരുന്നില്ല.