ഐഎസ്എല്‍ 2025-26; ഒഡീഷ എഫ്‌സിക്ക് തന്ത്രങ്ങള്‍ മെനയാന്‍ മലയാളി പരിശീലകര്‍

ഒഡീഷ ഫുട്‌ബോള്‍ ക്ലബ്ബിന്റെ മുഖ്യപരിശീലകനായി ടി ജി പുരുഷോത്തമന്‍, ജോ പോള്‍ അഞ്ചേരി സഹപരിശീലകന്‍

Update: 2026-02-13 12:27 GMT

ഒഡീഷ ഫുട്‌ബോള്‍ ക്ലബ്ബിന്റെ മുഖ്യപരിശീലകനായി ടി ജി പുരുഷോത്തമന്‍


ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപര്‍ ലീഗ്(ഐഎസ്എല്‍)ക്ലബ് ഒഡീഷ എഫ്‌സിയുടെ മുഖ്യ പരിശീലകനായി മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകനും മലയാളിയുമായ ടി ജി പുരുഷോത്തമനെ നിയമിച്ചു. സഹപരിശീലകനായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റനും സൂപര്‍ ലീഗ് കേരളയിലെ പരിശീലകനും കമന്ററിയേറ്ററുമായ ജോ പോള്‍ അഞ്ചേരിയും നിയമിതനായി. മലയാളികളായ ബിനോ ജോര്‍ജ്, ഷമീല്‍ ചെമ്പകത്ത് എനനിവര്‍ ഐഎസ്എല്‍ ടീമുകളുടെ ഇടക്കാല പരിശീലകരായി ചുമതലയേറ്റിരുന്നു. ഒരു ഐഎസ്എല്‍ ക്ലബിന്റെ മുഴുസമയ മുഖ്യപരിശീലകനാകുന്ന ആദ്യ മലയാളിയെന്ന ചരിത്ര നേട്ടമാണ് ഇതോടെ ടി ജി പുരുഷോത്തമന് സ്വന്തമായത്.

2021ല്‍ കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീം പരിശീലകനായെത്തിയ പുരുഷോത്തമന്‍, പിന്നീട് അണ്ടര്‍ 18 ടീമിന്റേയും പരിശീലകനായി. 2023ലാണ് ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീമിന്റെ സഹപരിശീലകനായത്. കഴിഞ്ഞ സീസണില്‍ ടീമിന്റെ താല്‍കാലിക പരിശീലകനുമായിരുന്നു. ഈ മാസം ആദ്യമാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള തന്റെ ബന്ധം അവസാനിപ്പിച്ചത്. തുടര്‍ന്ന്, ഒരു വര്‍ഷ കരാറില്‍ ഒഡീഷ എഫ്‌സി പരിശീലകനായി ചുമതലയേല്‍ക്കുകയായിരുന്നു.

കളിക്കാരനെന്ന നിലയില്‍ എസ്ബിടി, വാസ്‌കോ, മഹീന്ദ്ര യുനൈറ്റഡ്, വിവ കേരള തുടങ്ങിയ പ്രമുഖ ക്ലബുകള്‍ക്കായി ടി ജി പുരുഷോത്തമന്‍ ബൂട്ടുകെട്ടിയിട്ടുണ്ട്. കേരള സന്തോഷ് ട്രോഫി ടീമിന്റെ സഹപരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ വിദേശകോച്ചുമാരുടെ സഹായിയായി ക്ലബുകളില്‍ തിളങ്ങിയ ടി ജി പുരുഷോത്തമന്‍, താല്‍കാലിക ചുമതലയില്‍ മികച്ച റിസള്‍ട്ടുകളാണ് ടീമിന് സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷം എഎഫ്‌സി പ്രഫഷണല്‍ ലൈസന്‍സും കരസ്ഥമാക്കിയിരുന്നു.


ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ജോ പോള്‍ അഞ്ചേരി കഴിഞ്ഞ കാലങ്ങളായി ഐഎസ്എല്‍ മല്‍സരങ്ങളില്‍ കമന്ററി ബോക്‌സിലെ നിറസാന്നിധ്യമാണ്. സൂപര്‍ ലീഗ് കേരള ആദ്യ സീസണിലെ റണ്ണറപ്പായ ഫോഴ്‌സാ കൊച്ചിയുടേയും രണ്ടാം സീസണിലെ റണ്ണറപ്പായ തൃശൂര്‍ മാജിക് എഫ്‌സിയുടേയും സഹപരിശീലകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Tags: