ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രതിസന്ധി; 20 വര്‍ഷത്തെ പുതിയ പദ്ധതിയുമായി എഐഎഫ്എഫ്

Update: 2025-12-26 10:12 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ട് 20 വര്‍ഷത്തെ സമഗ്രമായ കര്‍മ്മപദ്ധതി അവതരിപ്പിച്ച് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. പുതിയ നിര്‍ദ്ദേശപ്രകാരം ടോപ്പ് ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന ഓരോ ക്ലബ്ബും പ്രതിവര്‍ഷം ഒരു കോടി രൂപ വീതം പങ്കാളിത്ത ഫീസായി നല്‍കേണ്ടതുണ്ട്. കൂടാതെ, ലീഗിന്റെ സുഗമമായ നടത്തിപ്പിനും സാമ്പത്തിക ഭദ്രതയ്ക്കുമായി എല്ലാ ഓഹരിയുടമകളുടേയും പങ്കാളിത്തത്തോടെ ഒരു 'സെന്‍ട്രല്‍ ഓപ്പറേഷണല്‍ ബജറ്റ്' രൂപീകരിക്കാനും എഐഎഫ്എഫ് പദ്ധതിയിടുന്നു. ഐഎസ്എല്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഫെഡറേഷന്റെ ഈ നീക്കം.

നിലവില്‍ ഐഎസ്എല്‍ ക്ലബ്ബുകള്‍ക്ക് ലീഗിന്റെ ഉടമസ്ഥാവകാശത്തില്‍ കൂടുതല്‍ പങ്കാളിത്തം വേണമെന്ന ആവശ്യം ശക്തമാണ്. 2026-27 സീസണ്‍ മുതല്‍ എഐഎഫ്എഫിന് പ്രതിവര്‍ഷം 10 കോടി രൂപ ഗ്രാന്‍ഡ് നല്‍കിക്കൊണ്ട് ക്ലബ്ബുകളുടെ നിയന്ത്രണത്തിലുള്ള ഒരു മാതൃകയിലേക്കു മാറാനാണ് അവര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. വാണിജ്യ അവകാശങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ടെന്‍ഡറുകള്‍ പരാജയപ്പെട്ടതും ഫെഡറേഷന്റെ സാമ്പത്തിക സ്ഥിതി മോശമായതും ഈ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

Tags: