ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരം; ഹോങ്കോങ്ങിനെ തോല്‍പിച്ച് ഇന്ത്യ
അരങ്ങേറ്റത്തില്‍ ഗോളടിച്ച് റയാന്‍ വില്യംസ്
കൊച്ചി: ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മല്‍സരത്തില്‍ ഹോങ്കോങ്ങിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ഇന്ത്യ. നീല ജഴ്‌സിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ റയാന്‍ വില്യംസ് ഗോളടിച്ച് തിളങ്ങിയപ്പോള്‍ പ്രതിരോധ താരം ആകാശ് മിശ്രയും ഇന്ത്യക്കായി ലക്ഷ്യം കണ്ടു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 2-1നാണ് ഇന്ത്യ എതിരാളികളായ ഹോങ്കോങ്ങിനെ തോല്‍പ്പിച്ചത്. ഖാലിദ് ജമീല്‍ പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ഹോം വിജയമാണിത്. യോഗ്യതാ റൗണ്ടിലെ അവസാന മല്‍സരത്തില്‍ ഇന്ത്യ സ്വന്തമാക്കിയത് ആദ്യ ജയം. അഞ്ച് പോയന്റോടെ ഗ്രൂപ് 'സി'യില്‍ നാലാം സ്ഥാനത്താണ് ടീം.
ആദ്യ ഇലവനില്‍ മലയാളി താരങ്ങള്‍ക്കൊന്നും ഇടം ലഭിച്ചില്ല. ഗോള്‍കീപ്പറായ ഗുര്‍പ്രീത് സിങ് സന്ധു തന്നെയായിരുന്നു ടീമിന്റെ നായകന്‍. ആസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച റയാന്‍ വില്യംസ്, കളിയാരംഭിച്ച് നാലാം മിനിറ്റില്‍ തന്നെ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. ചാങ്‌തെയും മന്‍വീര്‍ സിങും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിലേക്ക് വന്ന ക്രോസിനെ ആദ്യ ടച്ചില്‍ തന്നെ റയാന്‍ വില്യംസ് വലയിലെത്തിക്കുകയായിരുന്നു. തന്റെ ആദ്യ രാജ്യാന്തര മല്‍സരത്തിലെ ആദ്യ ഷോട്ടില്‍ തന്നെ ഗോള്‍ കണ്ടെത്താന്‍ വില്യംസിന് കഴിഞ്ഞു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ 50ാം മിനിറ്റില്‍ ആകാശ് മിശ്ര ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. രാഹുല്‍ ഭേക്കെയുടെ ലോങ് ത്രോ ഹെഡറിലൂടെ തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ച എതിരാളികളെയെല്ലാം മറികടന്ന് വന്നുവീണത് ആകാശിന്റെ മുന്നിലാണ്. ആകാശ് മിശ്ര ഒരു ടൈറ്റ് ആംഗിളില്‍ നിന്ന് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ മുകള്‍ഭാഗത്തായി തുളഞ്ഞുകയറി. ആകാശ് മിശ്രയുടെ ആദ്യ രാജ്യാന്തര ഗോള്‍ കൂടിയായിരുന്നു ഇത്. 65ാം മിനിറ്റില്‍ എവര്‍ട്ടണ്‍ കാമര്‍ഗോയിലൂടെ ഹോങ്കോങ് ഒരു ഗോള്‍ തിരിച്ചടിച്ചു. സമനിലയ്ക്കായി കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ നിര്‍ണ്ണായകമായ സേവുകള്‍ ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.
69ാം മിനിറ്റില്‍ റയാന്‍ വില്യംസിനു പകരം മലയാളി താരം ആഷിഖ് കുരുണിയനെയും അന്‍വര്‍ അലിക്കു പകരം ജീക്‌സണ്‍ സിങ്ങിനെയും കളത്തിലിറക്കുകയായിരുന്നു ടീമിന്റെ പരിശീലകന്‍ ഖാലിദ് ജമീല്‍. 89ാം മിനിറ്റില്‍ ചാങ്‌തെക്കു പകരം മലയാളി അരങ്ങേറ്റക്കാരന്‍ ബിജോയ് വര്‍ഗീസിനെയും ഇറക്കി. രണ്ടാം ഗോള്‍ തിരിച്ചടിക്കാനും സമനില കൈവരിക്കാനും അവസാന നിമിഷം വരെ ഹോങ്കോങ് ആഞ്ഞു കളിച്ചെങ്കിലും പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ ശ്രദ്ധയൂന്നിയ ഇന്ത്യന്‍ വല ഒരിക്കല്‍കൂടി കുലുക്കാനാവാതെ അവര്‍ മടങ്ങി. കഴിഞ്ഞ വര്‍ഷം ഹോങ്കോങ്ങിനോടേറ്റ തോല്‍വിക്ക് സ്വന്തം മണ്ണില്‍ പകരം വീട്ടാനും ഈ വിജയത്തിലൂടെ ഇന്ത്യക്ക് കഴിഞ്ഞു. ഏഷ്യന്‍ കപ്പിന് യോഗ്യത നേടാനായില്ലെങ്കിലും മികച്ചൊരു പ്രകടനത്തോടെ സീസണ്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി.

