ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ നായകനും ഇതിഹാസവുമായ ലയണല്‍ മെസി 2026ലെ ലോകകപ്പില്‍ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് സൂചന നല്‍കി. എന്‍ബിസി നൈറ്റ്ലി ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് 38കാരന്‍ സൂചന നല്‍കിയത്. രാജ്യത്തിനായി വീണ്ടും കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും, എന്നാല്‍ അടുത്ത വര്‍ഷത്തോടെ അന്തിമ തീരുമാനമെടുക്കുമെന്നും മെസി പറഞ്ഞു. മറ്റൊരു ലോകകപ്പില്‍ കളിക്കുന്നത് അവിശ്വസനീയമായ കാര്യമായിരിക്കുമെന്ന് മെസി വിശദീകരിച്ചു.
2026ല്‍ ഇന്റര്‍ മയാമിയുടെ പ്രീ-സീസണ്‍ പരിശീലന സമയത്ത് തന്റെ ശാരീരികക്ഷമത എങ്ങനെയായിരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും ലോകകപ്പിലെ പങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022ല്‍ ഖത്തറില്‍ അര്‍ജന്റീനയെ വിജയത്തിലേക്ക് നയിച്ചതിനു ശേഷം ദേശീയ ടീമിനായി വീണ്ടും കളിക്കാന്‍ താന്‍ പ്രചോദിതനാണെന്നും താരം വ്യക്തമാക്കി. കിരീടം നിലനിര്‍ത്താന്‍ കഴിയുന്നത് ഒരു സ്വപ്നമായിരിക്കും, എങ്കിലും പ്രായവും കായികക്ഷമതയും തന്റെ തീരുമാനത്തില്‍ നിര്‍ണായക പങ്കു വഹിക്കുമെന്നും മെസി സമ്മതിച്ചു. നിലവില്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണിക്കു കീഴില്‍ അര്‍ജന്റീന മികച്ച ഫോമിലാണ്. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ 38 പോയിന്റുമായി അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയിരുന്നു. മേജര്‍ ലീഗ് സോക്കറില്‍ മികച്ച പ്രകടനം തുടരുന്ന മെസി കഴിഞ്ഞ ദിവസം ഗോള്‍ഡന്‍ ബൂട്ട് ജേതാവായിരുന്നു. 2026ലെ ലോകകപ്പില്‍ ലയണല്‍ മെസി അര്‍ജന്റീനയുടെ പ്രധാന താരമാകും.