ഇത്തിഹാദ്: എഫ്എ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എര്‍ലിങ് ഹാളണ്ടിന്റെ ഹാട്രിക് ഗോളാണ് പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിയെ വമ്പന്‍ വിജയത്തിലേക്ക് നയിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ തുടര്‍ച്ചയായ എട്ടാം എഫ്എ കപ്പ് സെമി പ്രവേശനമാണിത്.
സീസണിലെ തന്റെ ആദ്യ ഹാട്രിക്കുമായി ഹാലണ്ട് നിറഞ്ഞാടിയപ്പോള്‍ ലിവര്‍പൂള്‍ പ്രതിരോധം തകര്‍ന്നു. 39, 47, 57 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകള്‍. നാലാം ഗോള്‍ സെമെന്യോ നേടി. ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഹാളണ്ട് ഗോള്‍വേട്ട തുടങ്ങിയത്. സിറ്റി ജേഴ്സിയില്‍ ഹാളണ്ടിന്റെ പന്ത്രണ്ടാം ഹാട്രിക്കാണിത്.
ലിവര്‍പൂളിന്റെ ആശ്വാസ ഗോളിനായുള്ള ശ്രമങ്ങളും സിറ്റി ഗോള്‍കീപ്പര്‍ ജയിംസ് ട്രാഫോര്‍ഡിന് മുന്നില്‍ വിഫലമായി. മുഹമ്മദ് സലാഹ് എടുത്ത പെനാല്‍റ്റി സിറ്റിയുടെ ഗോള്‍കീപ്പര്‍ ജയിംസ് ട്രാഫോര്‍ഡ് തടഞ്ഞിട്ടു. ഇന്ന് മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെല്‍സി പോര്‍ട്ട് വെയ്ലിനെ നേരിടും. നാളെ ആഴ്സണല്‍ സൗത്താംപ്റ്റനെയും വെസ്റ്റ് ഹാം ലീഡ്സിനെയും നേരിടും.