മെസിയും സംഘവും കൊച്ചിയില്‍ കളിക്കുമെന്ന് സര്‍ക്കാര്‍
അര്‍ജന്റീന നവംബറില്‍ കേരളത്തിലെത്തും
കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ സൗഹൃദമല്‍സരത്തിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വേദിയായേക്കും. ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസത്തിനകം. അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരത്തിലേക്ക് വരുന്ന കാര്യം അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും എവിടെ കളിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല.
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മല്‍സരം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ചില അസൗകര്യങ്ങളാല്‍ കൊച്ചിയിലെ ജവഹര്‍ലാ നെഹ്റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
ഐ എസ് എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയിലെ ജവഹര്‍ലാ നെഹ്റു സ്റ്റേഡിയം മുമ്പ് അണ്ടര്‍ 17 ലോകകപ്പ് സമയത്താണ് ഫിഫ നിലവാരത്തിലേക്ക് സ്റ്റേഡിയം ഉയര്‍ത്തിയത്. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം സ്റ്റേഡിയത്തിലെ കാണികളുടെ എണ്ണം അടുത്തിടെ കുറച്ചിരുന്നു. നവംബര്‍ അടുത്തിരിക്കെ എത്രയും പെട്ടെന്ന് സ്റ്റേഡിയം പൂര്‍ണ സജ്ജമാക്കാനാണ് നീക്കം.
നവംബര്‍ 10നും 18നുമിടയിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. ഫിഫ അനുവദിച്ച നവംബര്‍ വിന്‍ഡോയില്‍ ലുവാണ്ട, കേരളം എന്നിവിടങ്ങളില്‍ നവംബര്‍ 10നും 18നുമിടയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരുന്നത്.
