ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഇല്യാസ് പാഷ അന്തരിച്ചു

ഈസ്റ്റ് ബംഗാളിന്റെ ഇതിഹാസ താരമായിരുന്നു

Update: 2026-01-22 13:41 GMT

ബെംഗളൂരു: ഇന്ത്യന്‍ പ്രതിരോധ താരവും കൊല്‍ക്കത്തന്‍ ക്ലബ്ബ് ഈസ്റ്റ് ബംഗാളിന്റെ ഇതിഹാസ താരവുമായിരുന്ന ഇല്യാസ് പാഷ(61)അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. ബെംഗളൂരുവിലെ വിനായക ഫുട്ബോള്‍ ക്ലബ്ബിലൂടെയായിരുന്നു പ്രൊഫഷണല്‍ ഫുട്ബോളിലേക്കുള്ള ഇല്യാസ് പാഷയുടെ വരവ്.

1990ല്‍ ഈസ്റ്റ് ബംഗാളിനെ ഡ്യൂറണ്ട് കപ്പ്, ഐഎഫ്എ ഷീല്‍ഡ്, റോവേഴ്‌സ് കപ്പ് കിരീടങ്ങളിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ ഇല്യാസ് പാഷയായിരുന്നു. റൈറ്റ് വിങ് ബാക്കായിരുന്ന അദ്ദേഹം 1987ലാണ് ഇന്ത്യന്‍ ടീമിനായി അരങ്ങേറുന്നത്. 1987, 1991 വര്‍ഷങ്ങളിലെ നെഹ്റു കപ്പിലും 1991ലെ സാഫ് ഗെയിംസിലും 1992ലെ ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരങ്ങളിലും ഇന്ത്യക്കായി ബൂട്ടണിഞ്ഞു.

1993ലും 1995ലും ബംഗാളിനോടൊപ്പം രണ്ട് സന്തോഷ് ട്രോഫി കിരീട നേട്ടങ്ങളിലും ഇല്യാസ് പാഷ പങ്കാളിയായി. ഈസ്റ്റ് ബംഗാളിലെ ഒന്‍പത് വര്‍ഷക്കാലയളവില്‍ അഞ്ച് കല്‍ക്കട്ട ഫുട്ബോള്‍ ലീഗ്, ഐഎഫ്എ ഷീല്‍ഡുകള്‍, നാല് ഡ്യൂറണ്ട് കപ്പ് ട്രോഫികള്‍ ഉള്‍പ്പെടെ 28 ട്രോഫി നേട്ടങ്ങളില്‍ ഇല്യാസ് പാഷ പങ്കാളിയായിരുന്നു. 1993ല്‍ നേപ്പാളില്‍ നടന്ന വായ് വായ് കപ്പില്‍ ഈസ്റ്റ് ബംഗാള്‍ ജേതാക്കളാകുമ്പോഴും ക്യാപ്റ്റന്റെ ആം ബാന്‍ഡ് അണിഞ്ഞിരുന്നത് ഇല്യാസ് പാഷയായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ ആദ്യ അന്താരാഷ്ട്ര കിരീടമായിരുന്നു ഇത്. 1993-94 ഏഷ്യന്‍ കപ്പ് വിന്നേഴ്സ് കപ്പില്‍ ഇറാഖിലെ അല്‍ സവ്റ എസിക്കെതിരേ ഈസ്റ്റ് ബംഗാള്‍ 6-2ന് വിജയം നേടിയപ്പോഴും അദ്ദേഹമായിരുന്നു ടീം ക്യാപ്റ്റന്‍.

Tags: