കോട്ടയം: മുന്‍ സര്‍വകലാശാല ഫുട്ബോള്‍ താരവും പ്രശസ്ത പരിശീലകനുമായ ടി കെ ഇബ്രാഹിം കുട്ടി(79)അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. രോഗബാധിതനായിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയം വാരിശേരിയിലെ സോക്കര്‍ കോട്ടേജില്‍ എത്തിക്കും. കബറടക്കം നാളെ 11ന് താഴത്തങ്ങാടി ജുമാ മസ്ജിദില്‍. എം ജി സര്‍വകലാശാലാ കായിക വകുപ്പ് മേധാവിയായി വിരമിച്ച ഇബ്രാഹിം കുട്ടി കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായിരുന്നു.
1969-70ല്‍ കേരള സര്‍വകലാശാലയ്ക്കുവേണ്ടി കളിച്ച ഇബ്രാഹിംകുട്ടി അതിനു മുന്‍പ് ബാംഗ്ലൂര്‍ സര്‍വകലാശാലയ്ക്കായും പന്ത് തട്ടിയിട്ടുണ്ട്. 70-71ല്‍ കേരളയിലെ മികച്ച കളിക്കാരനായി. 69ല്‍ ഫാക്ടിനും 71-75ല്‍ കെഎസ്ഇബിക്കും കളിച്ചു. 76ല്‍ കെഎസ്ഇബിയുടെ കോച്ചായി. 79 മുതല്‍ 85 വരെ കേരള സര്‍വകലാശാലാ പരിശീലകന്‍. പിന്നീട് എംജിയില്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നു. ഇടക്കാലത്ത് ത്രോബോള്‍ അസോസിയേഷന്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. ഭാര്യ: റംല. മക്കള്‍: മുഹമ്മദ് സലിം, സജീന, ഷബീന.