ദോഹ: 2022ല്‍ ആതിഥേയരായി ലോകകപ്പില്‍ പന്തു തട്ടിയ ഖത്തര്‍, കളിച്ചു ജയിച്ചു നേടിയ ടിക്കറ്റുമായി 2026 ലോകകപ്പിനായി അമേരിക്കയിലേക്ക്. ഏഷ്യയില്‍ നിന്നും അവശേഷിച്ച ലോകകപ്പ് ടിക്കറ്റിനായി ജിസിസിയിലെ രണ്ട് കരുത്തുറ്റ ടീമകളുടെ അങ്കത്തില്‍ യുഎഇയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായി രണ്ടാം തവണയും ലോകകപ്പിന് യോഗ്യരായത്. സമനിലയാണെങ്കിലും ലോകകപ്പിന് യോഗ്യത നേടാമെന്ന നിലയിലായിരുന്നു യുഎഇ കളത്തിലിറങ്ങിയത്. എന്നാല്‍, ആദ്യ കളിയില്‍ ഒമാനെതിരെ ഗോള്‍ രഹിത സമനില പാലിച്ച ഖത്തറിന് വിജയം അനിവാര്യമായിരുന്നു.
ഒന്നാം പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതി തുടങ്ങി മിനിറ്റുകള്‍ക്കകം ഖത്തര്‍ ആദ്യഗോള്‍ കണ്ടെത്തി. 49ാം മിനിറ്റില്‍ അക്രം അഫീഫ് എടുത്ത ഫ്രീകിക്കിനെ മനോഹരമായ ഹെഡ്ഡറിലൂടെ ബൗലം ഖൗഖി വലയിലെത്തിച്ചു. 73ാം മിനിറ്റില്‍ പെഡ്രോ മിഗ്വല്‍ ഖത്തറിനുവേണ്ടി രണ്ടാം ഗോളും നേടി. ഖത്തറിന്റെ രണ്ട് ഗോളിന് പിന്നിലും അക്രം അഫീഫിന്റെ പാദങ്ങള്‍ ചലിച്ചു. ഖത്തര്‍ രണ്ട് ഗോളിന് ലീഡ് പിടിച്ചതോടെ കളത്തില്‍ വാശിയേറി. എന്ത് വിലകൊടുത്തും തിരിച്ചടിക്കാനായി യുഎഇയുടെ ശ്രമം. ഒടുവില്‍ 88ാം മിനിറ്റില്‍ യുഎഇ താരത്തെ ഫൗള്‍ ചെയ്തതിന് താരിഖ് സല്‍മാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഈ അവസരം മുതലെടുത്തായിരുന്നു ഇഞ്ചുറി ടൈമിലെ എട്ടാം മിനിറ്റില്‍ സുല്‍താന്‍ ആദില്‍ ഹാഫ് വോളിയിലൂടെ ഗോള്‍ നേടി യുഎഇക്ക് പുത്തന്‍ ഊര്‍ജം സമ്മാനിച്ചത്.
വീണ്ടും ആക്രമിച്ചു കളിച്ചെങ്കിലും ഖത്തറിന്റെ പ്രതിരോധ മികവും, ഗോളി മഹ്‌മൂദ് അബുനാദിന്റെ ജാഗ്രതയും 2026 ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കി. 2022ല്‍ ആതിഥേയരെന്ന നിലയില്‍ ആദ്യമായി ലോകകപ്പില്‍ കളിച്ച ഖത്തറിന് 2026 അമേരിക്ക, കാനഡ, മെക്‌സികോ ലോകകപ്പ് രണ്ടാം വിശ്വമേളയായി മാറും. നിലവിലെ ഏഷ്യന്‍ ചാംപ്യന്മാര്‍ കൂടിയാണ് ഖത്തര്‍.
