ഫിഫ ലോകകപ്പ് 2026; അര്‍മേനിയ വലനിറച്ച് പോര്‍ചുഗല്‍ ലോകകപ്പിന്

പോര്‍ചുഗല്‍ 9-1 അര്‍മേനിയ, തുടര്‍ച്ചയായി ഏഴാം തവണയാണ് പോര്‍ചുഗല്‍ ലോകകപ്പിന് യോഗ്യത നേടുന്നത്

Update: 2025-11-17 03:28 GMT

പോര്‍ട്ടോ: 2026 ഫിഫ ലോകകപ്പിന് ടിക്കറ്റെടുത്ത് പോര്‍ചുഗല്‍. ഗ്രൂപ്പ് എഫിലെ അവസാന മല്‍സരത്തില്‍ അര്‍മേനിയയെ ഒന്നിനെതിരേ ഒന്‍പതു ഗോളിന് തകര്‍ത്താണ് പറങ്കിപ്പട വരുന്നത്. സസ്‌പെന്‍ഷനിലായ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഇറങ്ങിയ പോര്‍ചുഗലിനായി ബ്രൂണോ ഫെര്‍ണാണ്ടസും ജാവോ നെവസും ഹാട്രിക് നേടി. ആറു മല്‍സരങ്ങളില്‍ നാലു ജയവും ഓരോ സമനിലയും തോല്‍വിയുമായി 13 പോയന്റാണ് പോര്‍ചുഗലിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള അയര്‍ലാന്റ് (10). തുടര്‍ച്ചയായി ഏഴാം തവണയാണ് പോര്‍ചുഗല്‍ ലോകകപ്പിന് യോഗ്യത നേടുന്നത്. ലോകകപ്പിലെ ആദ്യ മല്‍സരവും ക്രിസ്റ്റ്യാനോക്ക് നഷ്ടമാവാന്‍ സാധ്യതയുണ്ട്.

ആറു ലോകകപ്പുകളില്‍ കളിക്കുകയെന്ന ചരിത്രനേട്ടം സ്വന്തമാക്കാനിരിക്കുകയാണ് ക്രിസ്റ്റ്യാനോ. 2026 ലോകകപ്പില്‍ ക്രിസ്റ്റ്യാനോയും അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസ്സിയും ഇറങ്ങിയാല്‍ ഈ റെക്കോഡ് ഇരുവരും പങ്കിടും. അയര്‍ലന്‍ഡിനെതിരായ കളിയില്‍ ചുവപ്പു കാര്‍ഡ് കണ്ടതിനെത്തുടര്‍ന്നാണ് 40കാരന്‍ ക്രിസ്റ്റ്യാനോ ടീമിനു പുറത്തായത്. 45+3(പെനാല്‍റ്റി), 51, 72(പെനാല്‍റ്റി)മിനിറ്റുകളിലായിരുന്നു ഫെര്‍ണാണ്ടസിന്റെ ഗോളുകള്‍. 30, 41, 81 മിനിറ്റുകളില്‍ നെവസും വലകുലുക്കി. റെനാട്ടോ വേഗ(ഏഴ്), ഗോണ്‍സാലോ റാമോസ്(28), ഫ്രാന്‍സിസ്‌കോ കോണ്‍സെയ്സോ (90+2)എന്നിവാണ് മറ്റു ഗോള്‍സ്‌കോറര്‍മാര്‍. അര്‍മേനിയക്കായി എഡ്വാര്‍ഡ് സ്പെര്‍ട്സിന്‍(18)ആശ്വാസ ഗോള്‍ കണ്ടെത്തി.

Tags: