ഫിഫ ലോകകപ്പ് 2026; ഇറ്റലിയെ നാണം കെടുത്തി നോര്‍വെ ലോകകപ്പിലേക്ക്

ഇറ്റലിക്ക് ഇത്തവണയും പ്ലേ ഓഫ് കടമ്പ, ഇറ്റലി 1-4 നോര്‍വെ

Update: 2025-11-17 03:57 GMT

സാന്‍ സിറോ: 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി നോര്‍വെ. 1998നു ശേഷം 28 വര്‍ഷത്തിനു ശേഷമാണ് നോര്‍വെ ഫിഫ ലോകകപ്പ് യോഗ്യത നേടുന്നത്. ലോകകപ്പ് യോഗ്യത റൗണ്ടിലെ എട്ടു മല്‍സരങ്ങളും ജയിച്ചു ഗ്രൂപ്പ് ഐയില്‍ ഒന്നാമന്മാരായാണ് നോര്‍വെ ലോകകപ്പിന് ടിക്കറ്റെടുത്തത്. ഇറ്റലിക്ക് ഇത്തവണയും ലോകകപ്പിന് നേരിട്ട് യോഗ്യതയില്ല. ഇറ്റലിയെ അവരുടെ നാട്ടില്‍ 4-1നാണ് നോര്‍വെ തകര്‍ത്തത്. പ്ലേ ഓഫ് യോഗ്യത നേടാനാണ് ഇറ്റലിക്കായത്. പതിവു പോലെ അവിശ്വസനീയ ഫോമിലുള്ള ഏര്‍ലിങ് ഹാളണ്ടാണ് നോര്‍വെക്ക് വലിയ ജയമൊരുക്കിയത്. ഇരട്ടഗോള്‍ നേടിയ താരം എട്ടു ലോകകപ്പ് യോഗ്യത മല്‍സരങ്ങളില്‍ നിന്നു 16 ഗോളുകളാണ് നേടിയത്. ഈ സീസണില്‍ 19 കളികളില്‍ നിന്നു 32 ഗോളുകള്‍ നേടിയ ഹാളണ്ട് രാജ്യത്തിനായി 48 കളികളില്‍ നിന്നു 55 ഗോളുകളും പൂര്‍ത്തിയാക്കി.

11ാം മിനിറ്റില്‍ ഫ്രാന്‍സെസ്‌കോ എസ്‌പോസിറ്റോയിലൂടെ മുന്നിലെത്തിയ ഇറ്റലി രണ്ടാം പകുതിയില്‍ തകരുന്നതാണ് കണ്ടത്. 63ാം മിനിറ്റില്‍ സോര്‍ലോത്തിന്റെ പാസില്‍ നിന്നു അന്റോണിയോ നുസ നോര്‍വെയുടെ സമനില ഗോള്‍ നേടി. 78ാം മിനിറ്റില്‍ ഓസ്‌കാര്‍ ബോബിന്റെ പാസില്‍ നിന്നു തന്റെ ആദ്യ ഗോള്‍ നേടിയ ഹാളണ്ട് ടീമിന് മുന്‍തൂക്കം നല്‍കി. തൊട്ടടുത്ത മിനിറ്റില്‍ രണ്ടാം ഗോള്‍ തോര്‍സ്ബിയുടെ പാസില്‍ നിന്നും നേടിയ ഹാളണ്ട് നോര്‍വെ ജയവും ഉറപ്പിച്ചു. ഇഞ്ച്വറി സമയത്ത് 93ാം മിനിറ്റില്‍ തോര്‍സ്ബിയുടെ തന്നെ പാസില്‍ നിന്നു ഹാളണ്ടിന് പകരക്കാരനായി ഇറങ്ങിയ സ്ട്രാന്റ്-ലാര്‍സന്‍ നോര്‍വെ ജയം പൂര്‍ത്തിയാക്കിയത്. പ്ലേ ഓഫ് കളിച്ചു ലോകകപ്പിനെത്താന്‍ ഇറ്റലി കാത്തിരിക്കുകയാണ്. നാലു തവണ ലോക ജേതാക്കളായ ഇറ്റലിക്ക് കഴിഞ്ഞ രണ്ടു ലോകകപ്പിലും യോഗ്യത നേടാനായിരുന്നില്ല.

Tags: