റോം: തുടര്‍ച്ചയായ മൂന്നാം തവണയും ഫിഫ ലോകകപ്പിന് യോഗ്യത നേടാനാവാതെ ഇറ്റലി. ഇന്നലെ രാത്രി സെനിക്കയിലെ ബിലിനോ പോള്‍ജെ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണ്ണായക പ്ലേ-ഓഫ് ഫൈനലില്‍ ബോസ്‌നിയ ഹെര്‍സഗോവിനയോട് പെനല്‍റ്റി ഷൂട്ടൗട്ടിലാണ് അസൂറിപ്പട പരാജയപ്പെട്ടത്. സെനിക്കയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഇരു ടീമുകളും നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. തുടര്‍ന്ന് പെരുനാള്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മല്‍സരം ബോസ്നിയ 4-1ന് സ്വന്തമാക്കുകയായിരുന്നു. നാല് തവണ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട ഇറ്റലി ഇത് മൂന്നാം തവണയാണ് യോഗ്യത നേടാനാകാതെ പുറത്താകുന്നത്.
പന്തടക്കത്തോടെ ആധിപത്യം പുലര്‍ത്തിയ ഇറ്റലി 15ാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. മോയിസ് കീനാണ് അസൂറികള്‍ക്കായി ലക്ഷ്യം കണ്ടത്. എന്നാല്‍, കളിയുടെ 41ാം മിനിറ്റില്‍ ബോസ്‌നിയന്‍ താരം അമര്‍ മെമിക്കിനെ ഫൗള്‍ ചെയ്തതിന് ഇറ്റാലിയന്‍ പ്രതിരോധ താരം അലസ്സാന്‍ഡ്രോ ബാസ്റ്റോണി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. ഇതോടെ 10 പേരായി ചുരുങ്ങിയ ഇറ്റലി പ്രതിരോധത്തിലേക്ക് വലിഞ്ഞു. കളിയുടെ 79ാം മിനിറ്റില്‍ ഹാരിസ് തബാക്കോവിച്ചിലൂടെ ബോസ്‌നിയ സമനില പിടിച്ചു.
അധികസമയത്ത് ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ഡോണറുമ്മയുടെ മികച്ച സേവുകള്‍ ഇറ്റലിയെ രക്ഷിച്ചെങ്കിലും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കാനായിരുന്നു അസൂറികളുടെ വിധി. ഇറ്റലിയുടെ ഫ്രാന്‍സെസ്‌കോ പിയോ എസ്‌പോസിറ്റോയുടെ കിക്ക് ബാറിന് മുകളിലൂടെ പറന്നു. ബ്രയാന്‍ ക്രിസ്റ്റാന്റെയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. മറുഭാഗത്ത് ബോസ്‌നിയ എടുത്ത നാല് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.
2010, 2014 ലോകകപ്പുകളില്‍ ഗ്രൂപ്പ് സ്റ്റേജുകളില്‍ തന്നെ പുറത്തായ അസൂറികള്‍ 2018 ലോകകപ്പിന് യോഗ്യത പോലും നേടിയില്ല. 2022ലും ടീമിന് യോഗ്യതനേടാനായില്ല. ഇക്കുറി യോഗ്യത നേടാനാകുമെന്ന് കണക്കുകൂട്ടിയെങ്കിലും പ്ലേ ഓഫ് ഫൈനലില്‍ അടിതെറ്റിയത് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. അതോടെ മുന്‍ ചാമ്പ്യന്മാരുടെ ലോകകപ്പ് യോഗ്യതയ്ക്കായുള്ള കാത്തിരിപ്പിന് വീണ്ടും നീളമേറുകയാണ്.
1934, 1938, 1982, 2006 വര്‍ഷങ്ങളിലാണ് ഇറ്റലി ലോകകപ്പ് ജേതാക്കളായിട്ടുളളത്. 2006ല്‍ ലോകകിരീടം ഉയര്‍ത്തിയതിന് ശേഷം ലോകകപ്പിലെ ഒരു നോക്കൗട്ട് മല്‍സരം പോലും വിജയിക്കാന്‍ ഇറ്റലിക്ക് സാധിച്ചിട്ടില്ല. 2014ലാണ് ഇറ്റലി അവസാനമായി ലോകകപ്പ് യോഗ്യത നേടുന്നത്. 2018ല്‍ സ്വീഡനോട് പ്ലേയോഫില്‍ തോറ്റ് പുറത്തതായിരുന്നു. പിന്നീട് 2022ല്‍ നോര്‍ത്ത് മാസിഡോണിയയോടും, ഇപ്പോള്‍ ബോസ്‌നിയയോടുമാണ് ഇറ്റലി പരാജയപ്പെട്ടത്. 48 ടീമുകള്‍ പങ്കെടുക്കുന്ന 2026ലെ ലോകകപ്പിനും യോഗ്യത നേടാനാവാത്തതോടെ, തുടര്‍ച്ചയായി മൂന്ന് തവണ ലോകകപ്പ് നഷ്ടമാകുന്ന ആദ്യ മുന്‍ ലോകചാമ്പ്യന്മാര്‍ എന്ന നാണക്കേടും ഇറ്റലിക്ക് സ്വന്തമായി.
പങ്കെടുത്ത ആദ്യ ലോകകപ്പ് തന്നെ കിരീടം നേടിയായിരുന്നു ഇറ്റലി തുടങ്ങിയത്. 1934ലെ രണ്ടാം ലോകകപ്പില്‍ തന്നെ കിരീടം നേടി. പിന്നാലെ 1938ലെ ലോകകപ്പിലും ഇറ്റലി ചാമ്പ്യന്‍മാരായി. 1958ല്‍ ലോകകപ്പിന് യോഗ്യതനേടാതെ പുറത്തായതൊഴിച്ചാല്‍ മിക്ക ലോകകപ്പിലും മികച്ച പ്രകടനമാണ് ടീം കാഴ്ചവെച്ചത്. 1982ല്‍ ജേതാക്കളായ ടീം 1970, 1994 വര്‍ഷങ്ങളില്‍ ഫൈനല്‍ വരെയെത്തിയെങ്കിലും കപ്പ് നേടാനായില്ല. 2006ല്‍ ഇറ്റലി തങ്ങളുടെ നാലാം കിരീടം സ്വന്തമാക്കി.

