എഫ്‌സി ഗോവ താരം ബോര്‍ഹ ഹെരേര ഇന്ത്യന്‍ ഫുട്‌ബോളിനോട് വിടപറഞ്ഞു
ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിസന്ധി കാരണം നിരവധി വിദേശ താരങ്ങളാണ് ഇന്ത്യ വിട്ടുപോയത്
പനാജി: ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിസന്ധി തുടരുന്നതിനിടെ സ്പാനിഷ് മധ്യനിര താരം ബോര്‍ഹ ഹെരേര എഫ്സി ഗോവ വിട്ടു. ജനുവരി ഒന്നിന് ഐഎസ്എല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കാനിരിക്കെ, താന്‍ ക്ലബ്ബ് വിടുകയാണെന്ന വിവരം താരം സഹതാരങ്ങളെ അറിയിച്ചു. 32കാരനായ ബോര്‍ഹ ഗോവയുടെ കുപ്പായത്തില്‍ ഇനി ഉണ്ടാകില്ലെന്ന് ഇതോടെ ഉറപ്പായി. 2024ല്‍ ലോണ്‍ വ്യവസ്ഥയില്‍ ക്ലബ്ബിലെത്തിയ താരം പിന്നീട് സ്ഥിരമായ കരാറിലേക്ക് മാറുകയായിരുന്നു. 2026 വരെ ക്ലബ്ബ് താരത്തിന്റെ കരാര്‍ നീട്ടിയിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് ഈ പിന്മാറ്റം. ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിസന്ധിയാണ് താരത്തെ ഈ തീരുമാനത്തില്‍ എത്തിച്ചത്.
എഫ്സി ഗോവയുടെ സമീപകാലത്തെ പല വിജയങ്ങളിലും നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ബോര്‍ഹ. ഇക്കഴിഞ്ഞ സൂപര്‍ കപ്പില്‍ ഈസ്റ്റ് ബംഗാളിനെതിരായ ഹാട്രിക് ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ്. ഗോവയ്ക്കായി ഐഎസ്എല്ലിലും സൂപര്‍ കപ്പിലുമായി നിരവധി ഗോളുകളും അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. 2025ലെ സൂപര്‍ കപ്പ് കിരീടം ഗോവക്ക് നേടിക്കൊടുക്കുന്നതിലും ബോര്‍ഹയുടെ മധ്യനിരയിലെ പ്രകടനം വലിയ പങ്കുവഹിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിസന്ധി കാരണം നിരവധി വിദേശ താരങ്ങളാണ് ഇന്ത്യ വിട്ടുപോയത്.