ഓള്‍ഡ് ട്രാഫോര്‍ഡില്‍ പത്തുപേരായി ചുരുങ്ങിയിട്ടും യുനൈറ്റഡിനെ തോല്‍പ്പിച്ച് എവര്‍ട്ടണ്‍

Update: 2025-11-25 05:42 GMT

ഓള്‍ഡ് ട്രാഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സ്വന്തം മണ്ണില്‍ ദയനീയ പരാജയം. ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടന്ന മല്‍സരത്തില്‍ എവര്‍ട്ടണ്‍ ഭൂരിഭാഗം സമയവും പത്തു പേരുമായി കളിച്ചിട്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. മല്‍സരത്തിന്റെ 13ാം മിനിറ്റില്‍ എവര്‍ട്ടണ്‍ താരങ്ങളായ മൈക്കിള്‍ കീനും ഇദ്രിസ ഗയയും തമ്മിലുണ്ടായ പ്രശ്‌നം കയ്യാങ്കളിയിലെത്തി. ഇദ്രിസ ഗയെ കീനിനെ മുഖത്തടിച്ചതിന് ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തു പോയി. എന്നാല്‍ 10 പേരായി ചുരുങ്ങിയിട്ടും എവര്‍ട്ടണ്‍ പൊരുതി ജയിച്ചു.

29ാം മിനിറ്റില്‍ ഡ്യൂസ്ബറി ഹാളിലൂടെ എവര്‍ട്ടണ്‍ ലീഡ് എടുക്കുകയും ചെയ്തു. ഇതിനു ശേഷം എവര്‍ട്ടണ്‍ ഡിഫന്‍സിലേക്കു നീങ്ങി. രണ്ടാം പകുതിയില്‍ യുനൈറ്റഡ് നിരവധി മാറ്റങ്ങള്‍ വരുത്തി സമനില ഗോളിനായി ആഞ്ഞുശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഈ തോല്‍വിയോടെ യുനൈറ്റഡിന്റെ അഞ്ചു മല്‍സരങ്ങളായുള്ള അപരാജിത കുതിപ്പിന് അവസാനമായി. യുനൈറ്റഡ് ലീഗില്‍ 18 പോയിന്റുമായി പത്താം സ്ഥാനത്താണ്. ഇതേ പോയിന്റുള്ള എവര്‍ട്ടണ്‍ 11ാം സ്ഥാനത്തും നില്‍ക്കുന്നു.