കലൂര്‍ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ തീരുമോയെന്ന ആശങ്ക; കേരളം വിടാനൊരുങ്ങി ബ്ലാസ്റ്റേഴ്സ്
അര്‍ജന്റീന ടീമിന്റെ വരവിനെ തുടര്‍ന്നാണ് സ്റ്റേഡിയത്തില്‍ അറ്റകുറ്റപ്പണി തുടങ്ങിയത്
കൊച്ചി: കേരളം വിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്‍ സീസണിനു മുമ്പ് ഹോം ഗ്രൗണ്ടായ കലൂര്‍ സ്റ്റേഡിയത്തിലെ പണി പൂര്‍ത്തിയാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടയിലാണ് നീക്കം. അഹമ്മദാബാദിലേക്കോ ഹൈദരാബാദിലേക്കോ മാറാനാണ് ആലോചന. കോഴിക്കോട് സ്റ്റേഡിയമുണ്ടെങ്കിലും എഐഎഫ്എഫ് അംഗീകാരം ലഭിച്ചേക്കില്ല. മെസിയുടെയും അര്‍ജന്റീന ടീമിന്റെയും വരവിനെ തുടര്‍ന്നാണ് കലൂര്‍ സ്റ്റേഡിയത്തില്‍ അറ്റകുറ്റപ്പണി ആരംഭിച്ചത്. എന്നാല്‍ നവംബറില്‍ അര്‍ജന്റീന കേരളത്തിലേക്കില്ലെന്ന് അറിയിച്ചതോടെ അറ്റകുറ്റപ്പണികള്‍ മന്ദഗതിയിലാകുകയായിരുന്നു.
സ്റ്റേഡിയം നവീകരണ വിവാദത്തിനു പിന്നാലെ ജിസിഡിഎ അടിയന്തരയോഗം വിളിച്ചു. ചോദ്യങ്ങളോട് അസഹിഷ്ണുത തുടരുന്ന കായികമന്ത്രി വി അബ്ദുറഹിമാന് വിഷയത്തില്‍ പ്രതികരണമില്ല. സ്റ്റേഡിയം നവീകരണത്തിന്റെ പേരില്‍ തട്ടിപ്പും അഴിമതിയും നടന്നോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറുമായുള്ള കരാര്‍ വ്യവസ്ഥ എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ജിസിഡിഎയുമായി കരാറില്ലെന്നാണ് സ്‌പോണ്‍സറുടെ വിശദീകരണം. നവീകരണത്തിനു ശേഷം അടുത്ത മാസം മുപ്പതിന് സ്റ്റേഡിയം ജിസിഡിഎയ്ക്ക് കൈമാറുമെന്നാണ് സ്‌പോണ്‍സറുടെ പ്രതികരണം.
