യൂറോപ്പില്‍ ചാമ്പ്യന്‍സ് ലീഗ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
2025-26 സീസണിനാണ് ഇന്ന് തുടക്കമാകുന്നത്
ലണ്ടന്‍: ഫുട്ബാള്‍ ആരാധകര്‍ക്കിനി ചാമ്പ്യന്‍സ് ലീഗ് രാവുകള്‍. യൂറോപ്യന്‍ ഫുട്‌ബോളിലെ വമ്പന്‍മാര്‍ ഇന്നു മുതല്‍ ചാമ്പ്യന്‍സ് ലീഗിന്റെ പുതിയ സീസണില്‍ കളത്തിലിറങ്ങും. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ 2025-26 സീസണിനാണ് ഇന്ന് തുടക്കമാകുന്നത്. പുതിയ രീതിയിലേക്കു മാറിയ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം പതിപ്പാണിത്.
ആഴ്‌സനലും അത്‌ലറ്റിക് ക്ലബും തമ്മിലാണ് ആദ്യ അങ്കം. ഇന്ത്യന്‍ സമയം രാത്രി 10.15നാണ് മല്‍സരം. ഇതേ സമയം, നെതര്‍ലന്‍ഡ്‌സ് ക്ലബ് പിഎസ്‌വിയും ബെല്‍ജിയത്തിന്റെ യൂണിയന്‍ സെയ്ന്റ് ജിലോയ്‌സും ഏറ്റുമുട്ടും. രാത്രി 12.30ന് യുവന്റസ്-ഡോര്‍ട്മുണ്ട്, ബെന്‍ഫിക-ഗരബാക്, റയല്‍ മഡ്രിഡ്-മാഴ്‌സെ, ടോട്ടന്‍ഹാം-വിയ്യ റയല്‍ മല്‍സരങ്ങള്‍ നടക്കും. മറ്റു മല്‍സരങ്ങള്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി അരങ്ങേറും.
36 ടീമുകളാണ് ഏറ്റുമുട്ടുക. അതില്‍ ഓരോ ടീമിനും എട്ടുവീതം മല്‍സരങ്ങളുണ്ടാകും. പോയന്റ് പട്ടികയില്‍ ആദ്യ എട്ടിലെത്തുന്നവരും പ്ലേ ഓഫിലൂടെ കടക്കുന്ന ബാക്കി എട്ടുടീമുകളും പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. ഫ്രഞ്ച് വമ്പന്‍മാരായ പാരിസ് സെന്റ് ജെര്‍മെനാണ് (പിഎസ്ജി) നിലവിലെ ജേതാക്കള്‍. മൂന്നുദിവസങ്ങളിലായാണ് ആദ്യ റൗണ്ട് മല്‍സരങ്ങള്‍ നടക്കുക. 2026 മേയ് 30 നാണ് ഫൈനല്‍.