ബ്രൂണോ ഫെര്‍ണാണ്ടസിന് പരിക്ക്; ഒരു മാസത്തോളം പുറത്തിരിക്കും

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തിരിച്ചടി

Update: 2025-12-23 17:14 GMT

ബിര്‍മിങ്ഹാം: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസിനു പരിക്ക്. ആസ്റ്റണ്‍ വില്ലയ്ക്കെതിരായ മല്‍സരത്തിനിടെ ഹാംസ്ട്രിങ്ങിന് പരിക്കേറ്റ താരം ഒരു മാസത്തോളം കളിക്കളത്തിനു പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപോര്‍ട്ടുകള്‍. ആസ്റ്റണ്‍ വില്ലയ്ക്കെതിരായ മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ പരിക്കേറ്റ ബ്രൂണോയെ രണ്ടാം പകുതിയില്‍ പിന്‍വലിച്ചിരുന്നു. താരത്തിന് പേശികളിലുണ്ടായ പരിക്ക് സാരമുള്ളതാണെന്ന് പരിശീലകന്‍ റൂബന്‍ അമോറിം സ്ഥിരീകരിച്ചു.

ഇതോടെ വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഇല്ലാതെയാകും യുനൈറ്റഡ് ഇറങ്ങുക. ഡിസംബര്‍ 26ന് ന്യൂകാസ്റ്റിലിനെതിരേയും തുടര്‍ന്ന് വോള്‍വ്‌സ്, ലീഡ്‌സ്, ബേണ്‍ലി തുടങ്ങിയ ടീമുകള്‍ക്കെതിരേയുമുള്ള മല്‍സരങ്ങള്‍ ബ്രൂണോയ്ക്ക് നഷ്ടമാകും. ജനുവരി 17ന് നടക്കുന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയിലും താരം കളിക്കുന്ന കാര്യം സംശയത്തിലാണ്. 2020ല്‍ ടീമിലെത്തിയ ശേഷം ഇതുവരെ പരിക്കേറ്റ് കൂടുതല്‍ മല്‍സരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ലാത്ത ബ്രൂണോയുടെ അഭാവം യുനൈറ്റഡിന്റെ മധ്യനിരയെ കാര്യമായി ബാധിക്കും.

Tags: