ബ്രസീലിയന്‍ താരം ഫെര്‍ണാണ്ടിഞ്ഞോ ഫുട്ബോളില്‍ നിന്ന് വിരമിച്ചു

23 വര്‍ഷത്തെ കരിയറിനാണ് തിരശ്ശീല വീണത്

Update: 2025-11-21 06:23 GMT

കുരിറ്റിബ: ബ്രസീലിയന്‍ മധ്യനിര താരം ഫെര്‍ണാണ്ടിഞ്ഞോ 40ാം വയസില്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിക്കായി അഞ്ചു പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഷാക്തര്‍ ഡൊണെറ്റ്‌സ്‌കിനായി ആറു ലീഗ് കിരീടങ്ങളും ഉള്‍പ്പെടെ 23 വര്‍ഷം നീണ്ട കരിയറിനാണ് ഇതോടെ വിരാമമായത്.

അത്ലെറ്റിക്കോ പരാനെന്‍സെയിലാണ് ഫെര്‍ണാണ്ടിഞ്ഞോ കരിയര്‍ ആരംഭിച്ചതും അവസാനിപ്പിച്ചതും. 2013 മുതല്‍ 2022 വരെ മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിച്ചു. ബ്രസീലിനൊപ്പം കോപ്പ അമേരിക്ക കിരീടം നേടുകയും 53 സീനിയര്‍ മല്‍സരങ്ങളില്‍ രാജ്യത്തിനായി ബൂട്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. ഫുട്‌ബോളിലെ തന്റെ എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കിയെന്നും ഇനി കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഫെര്‍ണാണ്ടിഞ്ഞോ പറഞ്ഞു.