വമ്പോടെ വമ്പന്മാർ, ബുണ്ടസ് ലിഗയിൽ ജയത്തോടെ തുടങ്ങി ബയേൺ
സീസണിലെ ആദ്യ മൽസരത്തിൽ ആർ ബി ലൈപ്സിക്കിനെ ആറ് ഗോളിന് തോൽപ്പിച്ചു
മ്യൂണിക്ക്: 2025-26 ബണ്ടസ് ലിഗ സീസണിന് തുടക്കമായി. ആദ്യ മൽസരത്തിൽ തന്നെ ജർമൻ വമ്പന്മാരായ ബയേൺ എതിരില്ലാത്ത ആറ് ഗോളുകൾക്ക് ആർ ബി ലൈപ്സിക്കിനെ പരാജയപ്പെടുത്തി. ബയേണിൻ്റെ തട്ടകമായ അലിയൻസ് അരീനയിൽ നടന്ന മൽസരത്തിൽ ഇംഗ്ലീഷ് സൂപ്പർ താരം ഹാരി കെയിൻ ഹാട്രിക് നേടി.
രണ്ടാം പകുതിയിൽ 64, 74, 77 മിനിറ്റുകളിലായിരുന്നു ഹാരി കെയിനിൻ്റെ ഗോൾ നേട്ടം. ഫ്രഞ്ച് യുവ താരം മൈക്കിൾ ഒലിസെയുടെ ഇരട്ട ഗോളും ബയേണിന് തുണയായി. ആദ്യ പകുതിയിൽ 27, 42 മിനിറ്റുകളിലായിരുന്നു താരത്തിൻ്റെ ഗോൾ നേട്ടം. ശേഷിക്കുന്ന ഒരു ഗോൾ ലൂയിസ് ഡിയാസും നേടി. 32ാം മിനിറ്റിലായിരുന്നു ഡിയാസിൻ്റെ ഗോൾ നേട്ടം, രണ്ട് ഗോളുകൾക്ക് വഴിയൊരുക്കാനും ഡിയാസിന് കഴിഞ്ഞു.